Friday, April 19, 2024
spot_img

ക്രിസ്ത്യാനികളെ ബി.ജെ.പിക്കാര്‍ വേട്ടയാടിയതായി അറിയില്ല! പറയാനുള്ളത് തൃക്കാക്കരയില്‍ പറയുമെന്ന് പി.സി.ജോര്‍ജ്

തിരുവനന്തപുരം: ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ, പ്രതികരണവുമായി മുന്‍ എം.എല്‍.എ പി.സി.ജോര്‍ജ്. പറയാനുള്ളത് ആരെയും ഭയക്കാതെ താന്‍ പറയുമെന്നും നിയമം പാലിക്കുമെന്നും പി.സി. ജോര്‍ജ് മാധ്യമങ്ങളോട് വ്യക്തമാക്കി. ക്രിസ്ത്യാനികളെ ബി.ജെ.പിക്കാര്‍ വേട്ടയാടിയതായി അറിയില്ലെന്നും മുഖ്യമന്ത്രിയോട് പറയാനുള്ളത് തൃക്കാക്കരയില്‍ പറയുമെന്നും ജോര്‍ജ് കോർട്ടിച്ചേർക്കുകയും ചെയ്തു.

മോശക്കാരെ മോശക്കാരെന്ന് എല്ലാവരും പറഞ്ഞാല്‍ പ്രശ്നം തീരുമെന്നും ഒരു മതക്കാരെയും മോശമായി പറയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ജയിലില്‍ കഴിയുന്ന തടവുപുള്ളികളുടെ കാര്യത്തില്‍ തനിക്ക് സാധിക്കുന്നത് പോലെ പ്രവര്‍ത്തിക്കുമെന്നും റിമാന്‍ഡില്‍ വിട്ട ജഡ്ജിയോട് നന്ദിയുണ്ടെന്നും അദ്ദേഹം പറയുകയും ചെയ്തു.

അതേസമയം, പി.സി ജോര്‍ജിനെ തുടര്‍ച്ചയായി കസ്റ്റഡിയില്‍ പാര്‍പ്പിക്കേണ്ട സാഹചര്യമില്ലെന്നു കോടതി വിലയിരുത്തി. 33 വര്‍ഷം നിയമസഭാ സാമാജികനായിരുന്നു എന്നതും 72 വയസ്സുണ്ട് എന്ന ഹര്‍ജിക്കാരന്റെ അപേക്ഷയും കോടതി കണക്കിലെടുത്തു. ‘പരസ്യ പ്രസ്താവനകള്‍ നടത്തരുത്, വിദ്വേഷ പ്രസംഗം ആവര്‍ത്തിക്കരുത്, അന്വേഷണവുമായി സഹകരിക്കണം, ശാസ്ത്രീയ പരിശോധനകള്‍ക്കു വിധേയനാകണം’-തുടങ്ങിയ ജാമ്യ വ്യവസ്ഥകളാണ് കോടതി നിര്‍ദ്ദേശിച്ചത്. ജാമ്യ വ്യവസ്ഥ ലംഘിക്കുന്ന സാഹചര്യമുണ്ടായാല്‍ പ്രോസിക്യൂഷനു കോടതിയെ സമീപിക്കാം എന്നും അറിയിച്ചിട്ടുണ്ട്.

Related Articles

Latest Articles