Wednesday, May 15, 2024
spot_img

പ്രമുഖ ചരിത്രകാരന്‍ ബാബാ സാഹെബ് പുരന്ദരെ അന്തരിച്ചു: അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

പ്രശസ്ത ചരിത്രകാരനും എഴുത്തുകാരനുമായ പദ്മവിഭൂഷൺ ബാബാസാഹേബ് പുരന്ദരെ അന്തരിച്ചു. 99 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെ പൂനെയിലെ ദിനനാഥ് മങ്കേഷ്‌കര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ശുചിമുറിയിൽ വീണ അദ്ദേഹത്തെ ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് പൂനെയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു.

അദ്ദേത്തിന്‍റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. പുരന്ദരെയുടെ വിയോഗം വാക്കുകൾക്കതീതമായി വേദനിപ്പിക്കുന്നു. അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങളിലൂടെ അദ്ദേഹം ജീവിക്കും. ഈ സമയത്ത് ഞാൻ അദ്ദേഹത്തിന്‍റെ കുടുംബത്തിനും ആരാധകർക്കും ഒപ്പമാണെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

‘ശിവ് ഷാഹിർ’ എന്ന പേരിൽ അറിയപ്പെടുന്ന പുരന്ദരെ ഛത്രപതി ശിവാജി മഹാരാജിനെ കുറിച്ചുള്ള ഗ്രന്ഥ രചനയിലൂടെയാണ് ബാബാസാഹേബ് ഏറെ പ്രശസ്തനായത്. ബല്‍വന്ത് മൊറേശ്വര്‍ പുരന്ദരെയില്‍ ജനിച്ച ബാബാസാഹെബ് തന്റെ ജീവിതം ചരിത്രത്തിനും ഗവേഷണത്തിനുമായി സമര്‍പ്പിച്ചു. ശിവാജിയെ കുറിച്ച് നിരവധി പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.

200-ലധികം കലാകാരന്മാര്‍ അവതരിപ്പിക്കുകയും അഞ്ച് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത് അവതരിപ്പിക്കുകയും ചെയ്ത ‘ജന്ത രാജ’ എന്ന നാടകം എഴുതിയതും സംവിധാനം ചെയ്തതും ബാബാസാഹേബ് പുരന്ദരെയാണ്. 2015ൽ മഹാരാഷ്‌ട്രയുടെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ മഹാരാഷ്‌ട്ര ഭൂഷൺ അവാർഡ് നൽകി സംസ്ഥാന സർക്കാർ പുരന്ദരെയെ ആദരിച്ചു. അദ്ദേഹത്തിന് 2019 ജനുവരി 25 ന് ഇന്ത്യയിലെ രണ്ടാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു.

Related Articles

Latest Articles