Sunday, November 29, 2026

അതിർത്തിയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട; പാകിസ്ഥാനിൽ നിന്നെത്തിയ മൂന്ന് കള്ളക്കടത്തുകാരെ വകവരുത്തി സൈന്യം

ശ്രീനഗർ: ഇന്ത്യയിലേയ്‌ക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പാകിസ്ഥാൻ സംഘം പിടിയിൽ(Pak Gang Arrested For Drugs Smuggling). ജമ്മു കശ്മീരിലെ സാംബ സെക്ടറിലെ അന്താരാഷ്‌ട്ര അതിർത്തി വഴിയാണ് മയക്കുമരുന്ന് കടത്താൻ ശ്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് കള്ളക്കടത്തുകാരെ സൈന്യം വകവരുത്തി. അതിർത്തിയിൽ നുഴഞ്ഞുകയറ്റക്കാരെ കണ്ടതിനെ തുടർന്ന് ബിഎസ്എഫ് പട്രോളിംഗ് സംഘം അവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

ഇവരിൽ നിന്ന് 36 കിലോഗ്രാം മയക്കുമരുന്ന് കണ്ടെടുത്തു. 36 പാക്കറ്റുകളിലാക്കി കടത്താൻ ശ്രമിച്ച ഹെറോയിനാണ് പിടികൂടിയതെന്ന് അതിർത്തി സുരക്ഷ സേന അറിയിച്ചു. മയക്കുമരുന്നിന് പുറമെ, പിസ്റ്റളുകൾ, വെടിമരുന്നറകൾ, 9 വെടിയുണ്ടകൾ, പാകിസ്താൻ കറൻസികൾ, പാകിസ്ഥാൻ നിർമ്മിത സിറപ്പ് എന്നിവയും ഇവരിൽ നിന്നും കണ്ടെടുത്തതായി ബിഎസ്എഫ് ഐജി ഡികെ ബൂറ പറഞ്ഞു.

സംഭവത്തെ തുടർന്ന് പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിർത്തി വഴിയുള്ള മയക്കുമരുന്ന് കടത്ത് വർദ്ധിച്ച സാഹചര്യത്തിൽ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കാൻ സൈന്യത്തിന് ഐജി നിർദ്ദേശം നൽകിയിരിക്കുകയാണ്. അതേസമയം കഴിഞ്ഞ ദിവസവും ഇന്ത്യ-പാക് അതിർത്തിയിൽ നിന്ന് 35 കോടിയുടെ മയക്കുമരുന്ന് ബിഎസ്എഫ് പിടിച്ചെടുത്തിരുന്നു. രാജസ്ഥാനിലെ ബാർമർ ജില്ലയിലെ ഇന്ത്യ-പാകിസ്ഥാൻ അന്താരാഷ്‌ട്ര അതിർത്തിക്ക് സമീപത്ത് നിന്നാണ് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് പിടികൂടിയത്. അതിനു തൊട്ടുപിന്നാലെയാണ് മറ്റൊരു സംഭവം കൂടി ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Related Articles

Latest Articles