Monday, October 12, 2026

പാക് അധീന കശ്മീരിൽ പ്രക്ഷോഭകർക്ക് നേരെ പാക് സൈന്യത്തിന്റെ വെടിവെപ്പ്; 16 മരണം, നിരവധി പേർക്ക് പരിക്ക്

മുസാഫറാബാദ് : പാക് അധീന കശ്മീരിലെ റാവലകോട്ട് ഈദ്ഗാഹ് മൈതാനത്ത് സമാധാനപരമായി പ്രതിഷേധിച്ച ജനക്കൂട്ടത്തിന് നേരെ പാക് സൈന്യം നടത്തിയ വെടിവെപ്പിൽ 16 പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച നടന്ന ഈ ക്രൂരമായ ആക്രമണത്തിൽ 37-ലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ജനക്കൂട്ടത്തിന് നേരെ പാക് സൈന്യം എ.കെ-47 തോക്കുകൾ ഉപയോഗിച്ച് യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഗോതമ്പ്, അരി തുടങ്ങിയ അവശ്യസാധനങ്ങളുടെ വിലക്കുറവ്, വൈദ്യുതി നിരക്ക് കുറയ്ക്കൽ, അടിസ്ഥാന മനുഷ്യാവകാശങ്ങൾ എന്നിവ ആവശ്യപ്പെട്ടാണ് സാധാരണക്കാരായ ജനങ്ങൾ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയത്. തികച്ചും സമാധാനപരമായ രീതിയിൽ ആരംഭിച്ച മാർച്ചിലേക്ക് പാക് സൈന്യം അക്രമം അഴിച്ചുവിടുകയായിരുന്നു. കശ്മീരിൽ പാകിസ്ഥാൻ നടത്തുന്ന നയങ്ങൾക്കെതിരെയും അനധികൃത അധിനിവേശത്തിനെതിരെയും മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് അറുപതിനായിരത്തിലധികം ആളുകളാണ് ഈദ്ഗാഹ് മൈതാനത്ത് ഒത്തുകൂടിയിരുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ച പാക് അധീന കശ്മീരിൽ സുരക്ഷാ സേനയും പ്രക്ഷോഭകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 30 പേർ കൊല്ലപ്പെടുകയും ഇരുനൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ കൂട്ടക്കൊലയ്ക്ക് നീതി വേണമെന്ന ആവശ്യവും വ്യാഴാഴ്ച നടന്ന പ്രതിഷേധ റാലിയിൽ ജനങ്ങൾ പ്രധാനമായും ഉയർത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് നാടിനെ നടുക്കിയ രണ്ടാമത്തെ കൂട്ടക്കൊലയും പാക് സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.

അടിസ്ഥാന ആവശ്യങ്ങൾക്കായി ജനങ്ങൾ നടത്തുന്ന പ്രതിഷേധങ്ങളെ കായികമായി അടിച്ചമർത്തുന്ന പാക് സർക്കാരിന്റെയും സൈന്യത്തിന്റെയും നടപടിക്കെതിരെ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. നിലവിൽ മേഖലയിൽ കനത്ത സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പാക് സൈന്യം പ്രദേശത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ജനരോഷം ഇപ്പോഴും ശക്തമായി തുടരുകയാണ്.

Related Articles

Latest Articles