ലണ്ടൻ∙ ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിലെ മോശം പ്രകടനത്തിനു പിന്നാലെ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെ പരിഹസിച്ച് ആരാധകർ. കോവിഡ് ബാധിച്ചതിനെ തുടർന്ന് ടീം മൊത്തം പൊളിച്ച്, അഞ്ച് പുതുമുഖ താരങ്ങളുമായി പാക്കിസ്ഥാനെ നേരിട്ട ഇംഗ്ലണ്ട് ഒമ്പത് വിക്കറ്റ് വിജയമാണ് ആദ്യ ഏകദിനത്തിൽ നേടിയത്. ബാറ്റിങ്ങിലും ബോളിങ്ങിലും മോശം പ്രകടനമാണ് പാക്ക് താരങ്ങൾ പുറത്തെടുത്തത്. ഇതോടെ ആരാധകര്‍ വിമർശനവുമായി രംഗത്തെത്തി.
അടുത്ത കാലത്തായി മോശം പ്രകടനങ്ങൾ നടത്തുന്ന ശ്രീലങ്ക പോലും ഇംഗ്ലണ്ടിനെതിരെ ഇതിലും നന്നായി കളിച്ചെന്നാണ് ഒരു ആരാധകന്റെ വിമർശനം. ക്രിക്കറ്റിൽ ഏറെക്കാലത്തിനിടെയുള്ള ഏറ്റവും മോശം പ്രകടനമാണിതെന്നും ട്വിറ്ററിൽ പരിഹാസം ഉയർന്നു. എപ്പോഴാണ് കെനിയയ്ക്കും സിംബാബ്‍വേയ്ക്കും എതിരായി പാക്കിസ്ഥാൻ കളിക്കാൻ പോകുന്നതെന്നും ചിലര്‍ ചോദിച്ചു. അതേസമയം നിലവിലെ പ്രകടനത്തിൽ ആശങ്കപ്പെടരുതെന്നും ടീം ശക്തമായി തിരിച്ചുവരണമെന്നും പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി പ്രതികരിച്ചു. പാക് ടീമിനെ ട്രോളാൻ ഇന്ത്യൻ ക്രിക്കറ്റ് ഫാൻസും മുന്നിലുണ്ട്

