ബർമിങ്ഹാം : പ്രഥമ ലോക ലെജൻഡ്സ് ചാംമ്പ്യൻഷിപ്പ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യൻ ഇതിഹാസങ്ങൾ. ഫൈനലിൽ ചിരവൈരികളായ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് വിരമിച്ച താരങ്ങളുടെ ടീമുകൾ തമ്മിൽ ഏറ്റുമുട്ടുന്ന പ്രഥമ ലോക ലെജൻഡ്സ് ചാംമ്പ്യൻഷിപ്പിൽ യുവരാജ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം കിരീടം ചൂടിയത്.
ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ ചാംമ്പ്യൻസ് ഉയർത്തിയ 157 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു. ഓപ്പണർ അമ്പാട്ടി റായിഡുവിന്റെ (30 പന്തിൽ 50) അർധസെഞ്ചറിയുടെയും ഗുർകീരത് സിങ് മാൻ (34 പന്തിൽ 33), യൂസഫ് പഠാൻ (16 പന്തിൽ 30*)സ എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ ജയിച്ചത്.ടോസ് നേടിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ യൂനിസ് ഖാൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ ക്രമാൻ അക്മൽ (19 പന്തിൽ 24), ശുഹൈബ് മാലിക് (36 പന്തിൽ 41) എന്നിവരുടെ ബാറ്റിങ്ങാണ് പാക്കിസ്ഥാൻ സ്കോർ 150 കടത്തിയത്. ഇന്ത്യയ്ക്കായി അനുരീത് സിങ് മൂന്നു വിക്കറ്റും വിനയ് കുമാർ, പവൻ നെഗി, ഇർഫാൻ പഠാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. അമ്പാട്ടി റായിഡുവാണ് പ്ലെയർ ഓഫ് ദ് മാച്ച്. യൂസഫ് പഠാന‍് പ്ലെയർ ഓഫ് ദ് ടൂർണമെന്റായി.
സെമിഫൈനലിൽ ഓസ്ട്രേലിയ ചാംപ്യൻസിനെ തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. വെസ്റ്റിൻഡീസിനെ പരാജയപ്പെടുത്തിയായിരുന്നു പാക്കിസ്ഥാന്റെ ഫൈനൽ പ്രവേശം.

