Sunday, November 1, 2026

പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്ഥാന്റെ കരങ്ങൾ ! നയതന്ത്ര നടപടികൾ രാഷ്ട്രപതിയോട് വിശദീകരിച്ച് അമിത് ഷായും എസ്. ജയശങ്കറും

ദില്ലി : പഹൽഗാമിൽ വിനോദസഞ്ചാരികൾക്കെതിരെയുണ്ടായ ഭീകരാക്രമണത്തിന്റെ വിശദാംശങ്ങൾ ധരിപ്പിക്കുന്നതിനായി കേന്ദ്രമന്ത്രിമാർ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ടു. ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവരാണ് രാഷ്ട്രപതിയെ കണ്ടത്.ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്ഥാനാണെന്ന് വ്യക്തമാക്കിയ ഇരുവരും ഇന്ത്യ സ്വീകരിച്ച നയതന്ത്ര നടപടികളും മന്ത്രിമാർ രാഷ്ട്രപതിയെ അറിയിച്ചു.

നയതന്ത്ര നടപടിയായി ഇന്ത്യ സിന്ധുനദീജല കരാർ മരവിപ്പിക്കുകയും അട്ടാരി അതിർത്തി അടക്കുകയും ചെയ്തിരുന്നു. അതിർത്തി കടന്നവർക്ക് മെയ് ഒന്നിന് മുൻപ് തിരിച്ചെത്താം. പാകിസ്ഥാൻ പൗരൻമാർക്ക് വീസ നൽകില്ലെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട തീരുമാനം. എസ് വി ഇ എസ് (SVES) വിസയിൽ ഇന്ത്യയിലുള്ളവർ 48 മണിക്കൂറിനുള്ളിൽ തിരികെ പോകണം. പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെയും പുറത്താക്കി. ഇവർ ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യയിൽ നിന്ന് പിന്മാറണം. ഇന്ത്യയും പാകിസ്ഥാനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കും.

ഇന്ത്യയിലുള്ള എല്ലാ പാക് പൗരന്മാരും ഏപ്രിൽ 27നുള്ളിൽ നാടുവിടണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. പാക് പൗരന്മാർക്ക് ഇന്ത്യയിലെത്തുന്നതിന് നൽകിയിരുന്ന എല്ലാതരത്തിലുമുള്ള വിസകളും റദ്ദാക്കി. ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയ പാകിസ്ഥാനികൾ ഏപ്രിൽ 29-നകം രാജ്യം വിടണം. പാകിസ്ഥാനിലുള്ള ഇന്ത്യക്കാരോട് എത്രയും വേഗം തിരികെ എത്താനും വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം പാകിസ്താനെതിരെ ഇന്ത്യ കർശന നടപടികളിലേക്ക് നീങ്ങിയതിന് പിന്നാലെ പ്രകോപനപരമായ നടപടികളിലേക്ക് പാകിസ്ഥാനും നീങ്ങി. ഷിംല കരാറിൽ നിന്ന് തല്‍ക്കാലം പിൻമാറുമെന്നും ഇന്ത്യൻ വിമാനങ്ങൾക്ക് പാക് വ്യാമ മേഖല അടയ്ക്കുമെന്നുമാണ് പാകിസ്ഥാന്റെ ഭീഷണി.
സിന്ധു നദീജല കരാർ ലംഘിക്കുകയോ പാകിസ്ഥാനുള്ള ജലം തടഞ്ഞു വയ്ക്കുകയോ ചെയ്യുന്നത് യുദ്ധമായി കണക്കാക്കും എന്നാണ് പാകിസ്ഥാൻ പുറത്തിറക്കിയ പ്രസ്താവനായിൽ പറയുന്നത്. പാകിസ്ഥാൻറെ പരമാധികാരം ലംഘിച്ചാൽ കനത്ത തിരിച്ചടി നൽകും എന്നും യോഗം പുറത്തിറക്കിയ പ്രസ്താവന പറയുന്നു. വാഗ ചെക്ക്പോസ്റ്റ് അടയ്ക്കും. മറ്റു രാജ്യങ്ങളിൽ നിന്നുള്ളതടക്കം ഇന്ത്യയിലേക്കുള്ള ചരക്കു നീക്കം നിറുത്തി വയ്ക്കും. ഇന്ത്യൻ ഉടമസ്ഥതയിലുള്ള വിമാനങ്ങൾക്ക് പാകിസ്ഥാനു മുകളിലൂടെ പറക്കാനുള്ള അനുമതി നൽകേണ്ടെന്നും പാക് പ്രധാനമന്ത്രി ഷഹാബാസ് ഷെരീഫ് വിളിച്ചു ചേർത്ത ദേശീയ സുരക്ഷ സമിതി യോഗത്തിൽ തീരുമാനമായതായി പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Related Articles

Latest Articles