Saturday, October 24, 2026

ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ തകർത്ത ഭോലാരി വ്യോമതാവളം പാകിസ്ഥാൻ പുനർനിർമ്മിക്കുന്നു; ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

ഇസ്ലാമാബാദ് : 2025 മെയ് മാസത്തിൽ നടന്ന 88 മണിക്കൂർ നീണ്ട യുദ്ധത്തിനിടെ ഇന്ത്യൻ വ്യോമസേന തകർത്ത ഭോലാരി വ്യോമതാവളത്തിൽ പാകിസ്ഥാൻ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി റിപ്പോർട്ട്. ഇന്ത്യൻ ആക്രമണത്തിൽ തകർന്ന കൂറ്റൻ ഹാങ്ങറിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിന്റെ പുതിയ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു. ജനുവരി 28-ന് പകർത്തിയ ചിത്രങ്ങളിൽ, തകർന്ന ഹാങ്ങറിന്റെ പച്ചനിറത്തിലുള്ള മേൽക്കൂര ഭാഗികമായി നീക്കം ചെയ്തതായും നിർമ്മാണ പ്രവർത്തനങ്ങൾക്കായി പ്രദേശം ഒരുക്കുന്നതായും വ്യക്തമാണ്.

കഴിഞ്ഞ വർഷം മെയ് 10-ന് നടന്ന വ്യോമാക്രമണത്തിൽ പാകിസ്താന്റെ അത്യാധുനിക നിരീക്ഷണ വിമാനമായ സാബ് 2000 ‘എറീയെ’ ഈ ഹാങ്ങറിനുള്ളിൽ വെച്ച് തകർക്കപ്പെട്ടതായാണ് ഇന്ത്യൻ ഇന്റലിജൻസ് വിഭാഗം വിശ്വസിക്കുന്നത്. ‘ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാന്റെ പത്തോളം വ്യോമതാവളങ്ങളെയാണ് ഇന്ത്യ ലക്ഷ്യം വെച്ചത്. റാഫേൽ വിമാനങ്ങളിൽ നിന്നുള്ള ഫ്രഞ്ച് സ്കാൽപ് മിസൈലുകൾ, സുഖോയ് വിമാനങ്ങളിൽ നിന്നുള്ള ബ്രഹ്മോസ്, റാംപേജ് മിസൈലുകൾ എന്നിവ ഉപയോഗിച്ചായിരുന്നു ഇന്ത്യ തിരിച്ചടിച്ചത്. ഈ കനത്ത പ്രഹരത്തിന് തൊട്ടുപിന്നാലെയാണ് പാകിസ്ഥാൻ വെടിനിർത്തലിന് തയ്യാറായത്.

ഭോലാരിക്ക് പുറമെ മുരിദ്, സുക്കൂർ, നൂർ ഖാൻ എന്നീ വ്യോമതാവളങ്ങളിലും പാകിസ്ഥാൻ അറ്റകുറ്റപ്പണികൾ നടത്തുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മുരിദിൽ തകർന്ന കെട്ടിടം ചുവന്ന ടാർപോളിൻ ഉപയോഗിച്ച് മറച്ച നിലയിലാണ് കണ്ടെത്തിയത്. മെയ് 10-ന് രാവിലെ നടന്ന ആക്രമണത്തിൽ ഒരു ഓഫീസർ ഉൾപ്പെടെ ആറ് പാക് സൈനികർ കൊല്ലപ്പെട്ടതായി സിന്ധ് മുഖ്യമന്ത്രി മുറാദ് അലി ഷാ സ്ഥിരീകരിച്ചിരുന്നു. ആക്രമണം നടന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ പാക് ഡിജിഎംഒ ഇന്ത്യയുമായി ബന്ധപ്പെടുകയും വെടിനിർത്തലിന് അഭ്യർത്ഥിക്കുകയുമായിരുന്നു. തകർന്ന ഘടനകൾ ഉപേക്ഷിക്കാതെ അവ വേഗത്തിൽ പുനർനിർമ്മിക്കാനുള്ള പാകിസ്ഥാന്റെ നീക്കം സൈനിക കേന്ദ്രങ്ങൾ നിരീക്ഷിച്ച് വരികയാണ്.

Related Articles

Latest Articles