വാഷിംഗ്ടൺ : അന്താരാഷ്ട്ര തലത്തിൽ കോളിളക്കം സൃഷ്ടിച്ച ലൈംഗിക പീഡനക്കേസിലെ പ്രതി ജെഫ്രി എപ്‌സ്റ്റീന്റെ ദുരൂഹമായ ജീവിതത്തെക്കുറിച്ച് കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് അടുത്തിടെ പുറത്തുവിട്ട രേഖകളാണ് എപ്‌സ്റ്റീന്റെ ജനിതക പരീക്ഷണങ്ങളെയും തന്റെ ഡിഎൻഎ കൈമാറാനുള്ള വിചിത്രമായ മോഹങ്ങളെയും കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും തുടക്കമിട്ടത്. എപ്‌സ്റ്റീൻ രഹസ്യമായി നിരവധി കുട്ടികളുടെ പിതാവാകാൻ ശ്രമിച്ചിരുന്നോവെന്നും പുതിയ മനുഷ്യവംശത്തെ സൃഷ്ടിക്കാൻ ശ്രമിച്ചിരുന്നുവെന്നുമുള്ള ചോദ്യങ്ങളാണ് പുതിയ വെളിപ്പെടുത്തലുകളിലൂടെ ഉയരുന്നത്.
ലക്ഷക്കണക്കിന് പേജുകൾ വരുന്ന പുതിയ രേഖകളിൽ, എപ്‌സ്റ്റീന്റെ ഇരയായിരുന്ന ഒരു യുവതിയുടെ ഡയറിക്കുറിപ്പിലെ വിവരങ്ങൾ അതിഭീകരമാണ്. 2002 കാലഘട്ടത്തിൽ തന്റെ പതിനാറാം വയസ്സിൽ എപ്‌സ്റ്റീനിൽ നിന്ന് ഗർഭിണിയായെന്നും ഒരു പെൺകുഞ്ഞിന് ജന്മം നൽകിയെന്നുമാണ് യുവതി അവകാശപ്പെടുന്നത്. എന്നാൽ പ്രസവം കഴിഞ്ഞ് മിനിറ്റുകൾക്കുള്ളിൽ കുഞ്ഞിനെ തന്നിൽ നിന്ന് ബലമായി മാറ്റിയെന്നും എപ്‌സ്റ്റീന്റെ സഹായിയായിരുന്ന ഗിസ്ലെയ്ൻ മാക്‌സ്‌വെൽ ഇതിന് നേതൃത്വം നൽകിയെന്നും യുവതിയുടെ ഡയറിയിൽ പറയുന്നു. ഈ ആരോപണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും എപ്‌സ്റ്റീന്റെ ‘ബേബി റാഞ്ച്’ എന്ന പഴയ ആശയത്തെ ഇത് ബലപ്പെടുത്തുന്നുണ്ട്.
ന്യൂ മെക്സിക്കോയിലുള്ള തന്റെ സോറോ റാഞ്ച് എന്ന എസ്റ്റേറ്റ് ഉപയോഗിച്ച് നിരവധി സ്ത്രീകളെ ഗർഭം ധരിപ്പിക്കാനും അതുവഴി തന്റെ വംശപരമ്പര വളർത്താനും എപ്‌സ്റ്റീൻ പദ്ധതിയിട്ടിരുന്നതായി 2019-ൽ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മനുഷ്യന്റെ ജനിതക ഘടനയിൽ മാറ്റം വരുത്തുന്നതിനും ബുദ്ധിശക്തി വർദ്ധിപ്പിക്കുന്നതിനുമുള്ള ‘യൂജെനിക്സ്’ , ‘ട്രാൻസ്ഹ്യൂമനിസം’ എന്നീ സിദ്ധാന്തങ്ങളിൽ എപ്‌സ്റ്റീന് അമിതമായ താല്പര്യമുണ്ടായിരുന്നു. ലോകത്തെ പ്രമുഖ ശാസ്ത്രജ്ഞർക്കും അക്കാദമിക് വിദഗ്ധർക്കും വലിയ തോതിൽ സാമ്പത്തിക സഹായം നൽകിക്കൊണ്ട് ഇത്തരം ചിന്താഗതികൾ പ്രചരിപ്പിക്കാൻ അയാൾ ശ്രമിച്ചിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസുകളിൽ 2019-ൽ അറസ്റ്റിലായ എപ്‌സ്റ്റീൻ, വിചാരണ നേരിടുന്നതിനിടെ ജയിലിനുള്ളിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. മരിച്ചെങ്കിലും അദ്ദേഹത്തിന്റെ സ്വാധീനത്തെക്കുറിച്ചും വിദേശ രാജ്യങ്ങളിലെ ഉന്നതരുമായുള്ള ബന്ധങ്ങളെക്കുറിച്ചും ഇന്നും ദുരൂഹതകൾ നിലനിൽക്കുന്നു. ഇപ്പോൾ പുറത്തുവന്ന നീതിന്യായ രേഖകൾ എപ്‌സ്റ്റീൻ എത്രത്തോളം ആസൂത്രിതമായാണ് തന്റെ അധോലോകം കെട്ടിപ്പടുത്തതെന്ന് വ്യക്തമാക്കുന്നു. കൂടുതൽ രേഖകൾ പുറത്തുവരുന്നതോടെ എപ്‌സ്റ്റീന്റെ ഇരകൾക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നിയമവിദഗ്ധർ.

