Friday, May 3, 2024
spot_img

കശ്മീരിൽ ഐഎസ് മാതൃകയിൽ ഡ്രോൺ ആക്രമണം നടത്താനൊരുങ്ങി പാകിസ്ഥാൻ

ഇസ്‍‌ലാമാബാദ്: സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോണുകളുമായി കശ്മീരിൽ വൻ ആക്രമണം നടത്താൻ പാക്കിസ്ഥാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇതിനായി പാക് സൈന്യം ഭീകര സംഘടനകൾക്കു പരിശീലനം നൽകിവരുന്നതായാണ് രഹസ്യാന്വേഷണ വിഭാഗം നൽകുന്ന സൂചന. ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരർ ഇറാഖിലും സിറിയയിലും ഇത്തരം അക്രമണങ്ങൾ നടത്തിവരുന്നുണ്ട്. ഈ പോരാട്ടങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണു പുതിയ നീക്കം. ഐഎസ് വിജയിപ്പിച്ച ഡ്രോൺ ആക്രമണ പദ്ധതി കശ്മീരില്‍ നടപ്പാക്കാനുള്ള പദ്ധതി മുന്നോട്ടു വച്ചത് പാക്ക് ചാരസംഘടനയാണെന്നും രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നു.

ഈ വർഷം ഏപ്രിലിൽ പഞ്ചാബ് പ്രവിശ്യയിലെ ടാക്സിലയിൽ ലഷ്കറെ തയിബ, ജയ്ഷെ മുഹമ്മദ് കമാൻഡർമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണു പദ്ധതിയെക്കുറിച്ച് ആദ്യം ഐഎസ്ഐ വ്യക്തമാക്കുന്നത്. പാക്ക് അധിനിവേശ കശ്മീരിലെ കൊട്ട്‌ലി ജില്ലയിലെ ബ്രിഗേഡ് ആസ്ഥാനത്തു മേയിൽ ഇതു സംബന്ധിച്ച തുടര്‍ ചർച്ചയും നടന്നു. ചർച്ചയിൽ മൂന്നു കിലോമീറ്റർ സഞ്ചരിക്കുന്നതും അഞ്ചു കിലോ സ്ഫോടക വസ്തുക്കൾ നിറയ്ക്കാവുന്നതുമായ ക്വാഡ്കോപ്റ്ററുകൾ ഉപയോഗിച്ച് ആക്രമണം നടത്താനാണ് തീരുമാനമെടുത്തത്. ശത്രു ടാർഗറ്റുകളിൽ ചെറിയ അളവിലുള്ള യുദ്ധക്കോപ്പുകൾ ഡ്രോണുകളുപയോഗിച്ചു നിക്ഷേപിക്കാനും തീരുമാനിച്ചു.

യുദ്ധമുഖങ്ങളിൽ ‘കില്ലർ ബീസ്’ എന്ന അറിയപ്പെട്ടിരുന്ന ഐഎസ് ഡ്രോൺ ആക്രമണത്തിന് തടയിടാനായി കോടിക്കണക്കിന് ഡോളറാണ് അമേരിക്ക മുടക്കിയത്‌. ഇപ്പോൾ പാക്കിസ്ഥാനുമായുള്ള രാജ്യാന്തര അതിർത്തിയിൽ ഡ്രോൺ സാന്നിധ്യം വർധിച്ചിട്ടുണ്ട്. സെക്യൂരിറ്റി ക്യാംപുകളും അതിർത്തിയിലെ സൈനിക പോസ്റ്റുകളും ആക്രമിക്കാൻ സാധ്യതയുള്ളതിനാൽ ഡ്രോണുകളടക്കമുള്ളവ നിർവീര്യമാക്കുന്നതിന് ബിഎസ്എഫും ഇന്ത്യൻ സൈന്യവും തയാറായിരിക്കണമെന്നാണ് ഭീകരവാദ വിരുദ്ധവിഭാഗത്തിലെ മുതിർന്ന ഓഫിസർ നൽകിയ മുന്നറിയിപ്പ്. പാക്കിസ്ഥാൻ ആക്രമണത്തിനു മുതിർന്നാൽ സമാനമായ രീതിയിൽ ഇന്ത്യ തിരിച്ചടിക്കും. അത് ഡ്രോൺ ഉപയോഗിച്ചോ അല്ലാതെയോ ആകാം. തുടക്കം മുതൽ തന്നെ ഇത്തരത്തിൽ ഡ്രോൺ ആക്രമണങ്ങൾ നടത്താൻ കേന്ദ്രം അനുമതി നൽകണമെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

Related Articles

Latest Articles