ദില്ലി ; ജമ്മുകശ്മീരില്‍ 40 ജവാന്മാര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായി ഇന്ത്യ മിന്നലാക്രമണം നടത്തുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പാകിസ്ഥാന്‍ ഭീകരവാദ ക്യാമ്പുകള്‍ ഒഴിപ്പിക്കുന്നു. ഭീകരാക്രമത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി.

ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്നും സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും വ്യക്തമാക്കിയിട്ടുണ്ട്. തിരിച്ചടിക്കായി സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്രം നല്‍കിയതായും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാവാം ക്യാമ്പുകള്‍ ഒഴിപ്പിക്കാന്‍ തീരുമാനിച്ചത്.

ഇതുകൂടാതെ പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാക് ബന്ധത്തില്‍ വിള്ളല്‍ വീണ സാഹചര്യത്തില്‍ രാജസ്ഥാനിലെ പൊഖ്റാനില്‍ ഇന്ത്യന്‍ വ്യോമസേന ശക്തിപ്രകടനം നടത്തിയിരുന്നു. വായൂ ശക്തി എന്ന പേരിലായിരുന്നു വ്യോമസേനയുടെ അഭ്യാസ പ്രകടനം നടന്നത്. ആക്രമണത്തിന് ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകളും എല്ലാ ശ്രേണിയിലുംപെട്ട യുദ്ധ വിമാനങ്ങളും പാക് അതിര്‍ത്തിയിലെ ശക്തിപ്രകടനത്തില്‍ പങ്കെടുത്തിരുന്നു.

തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു പൊഖ്റാനിലെ അഭ്യാസ പ്രകടനം. എസ്.യു 30, മിറാഷ് 2000, ജഗ്വാര്‍, മിഗ് 21, മിഗ് 27, മിഗ് 29, ഐ.എല്‍ 78, ഹെര്‍ക്കുലീസ്, എ.എന്‍ 32 തുടങ്ങിയ വിമാനങ്ങളാണ് അഭ്യാസ പ്രകടനത്തില്‍ പങ്കെടുത്തത്. ഏതു നിമിഷം വേണമെങ്കിലും ശത്രുവിന് മേല്‍ കനത്ത പ്രഹരമേല്‍പ്പിക്കാന്‍ തക്ക കരുത്ത് വ്യോമസേനയ്ക്കുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു പ്രകടനം.

അതേസമയം പാകിസ്ഥാനെതിരായ നീക്കത്തില്‍ ലോകത്തിലെ ഏറ്റവും ശക്തമായ രഹസ്യാന്വേഷണ ഏജന്‍സിയായ ഇസ്രയേലിന്റെ മൊസാദിന്റെയും അമേരിക്കയുടെ സി.ഐ.എയുടെയും സഹകരണം ഇന്ത്യ ഉറപ്പാക്കിയിട്ടുണ്ട്. ഇവരുടെ സഹായത്തോടെ ഭീകരതാവളങ്ങള്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ കണ്ടു പിടിച്ചതായാണ് സൂചന. എപ്പോള്‍ എങ്ങനെ ആക്രമണം നടത്തണമെന്നത് മൂന്ന് സേനാ മേധാവികളും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചേര്‍ന്ന് തീരുമാനിക്കും.