ദില്ലി : കശ്‌മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ പാകിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവിട്ട് ഇന്ത്യ. ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ഭീകരാക്രമണം ആസൂത്രണം ചെയ്തതിന്റെ കൂടുതല്‍ തെളിവുകളാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരിക്കുന്നതെന്നാണ് വിവരം.

പാക് സൈനിക ആശുപത്രിയില്‍ വച്ചാണ് മസൂദ് അസര്‍ ഇന്ത്യയിലെ സൈനികരെ ആക്രമിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചത്. ഇന്ത്യയോട് പ്രതികാരം ചെയ്യണമെന്ന ശബ്ദ സന്ദേശം പാക് സൈനിക ആശുപത്രിയില്‍ നിന്നും ജെയ്‌ഷെ മുഹമ്മദ് ക്യാമ്പിലേക്ക് മസൂദ് അയച്ചതിന്റെ തെളിവും ലഭിച്ചിട്ടുണ്ട്. ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന എല്ലാ തെളിവുകളും അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക് കൈമാറാനാണ് ഇന്ത്യയുടെ തീരുമാനം.