കഴിഞ്ഞ ദിവസം രാത്രി പാകിസ്ഥാൻ ഇന്ത്യയ്ക്കു നേരെ ആക്രമണ ശ്രമം നടത്തിയെന്ന് സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ. ഇന്ത്യയിലെ പല നഗരങ്ങൾക്കു നേരെയും സൈനിക താവളങ്ങൾക്ക് നേരെയും ഡ്രോണുകളും മിസൈലുകളും പാകിസ്ഥാൻ പ്രയോഗിച്ചെങ്കിലും ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനത്തിന് മുന്നിൽ ഇവ നിഷ്പ്രഭമായി.
തുടർന്നാണ് പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനം തകർത്തുകൊണ്ട് ഇന്ത്യൻ സായുധ സേന മറുപടി നൽകിയത്. ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ആക്രമണ നീക്കം ഉണ്ടായത്. പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളായ രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. പാകിസ്ഥാനുമായി 1,037 കിലോമീറ്റർ അതിർത്തി പങ്കിടുന്ന രാജസ്ഥാനിൽ അതീവ ജാഗ്രതയിലാണ്.
അതിർത്തി ഗ്രാമങ്ങളും ജാഗ്രതയിലാണ്. ഒഴിപ്പിക്കൽ പദ്ധതികളും നിലവിലുണ്ട്. അതിർത്തിക്കടുത്തുള്ള ആന്റി-ഡ്രോൺ സംവിധാനങ്ങളും സജീവമാക്കി. ജയ്സാൽമീറിലും ജോധ്പൂരിലും അർദ്ധരാത്രി മുതൽ പുലർച്ചെ 4 വരെ ബ്ലാക്ക്ഔട്ട് ചെയ്യാനുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചു. പഞ്ചാബിൽ എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും അവധികൾ റദ്ദാക്കുകയും പൊതുസമ്മേളനങ്ങൾ നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്.

