Sunday, December 14, 2025

മതനിന്ദ ആരോപിച്ച് കൂട്ടം ചേർന്ന് തല്ലിക്കൊന്നു; പാക്കിസ്ഥാനില്‍ ആറ് പ്രതികള്‍ക്ക് വധശിക്ഷ

ലാഹോര്‍: ശ്രീലങ്കന്‍ പൗരനായ പ്രിയന്ത കുമാറിനെ മതനിന്ദ ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസില്‍ ആറ് പേര്‍ക്ക് ലാഹോറിലെ തീവ്രവാദ വിരുദ്ധ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ഒമ്പത് പേര്‍ക്ക് ജീവപര്യന്തവും ഒരാള്‍ക്ക് അഞ്ച് വര്‍ഷം തടവും 72 പേര്‍ക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷയുമാണ് വിധിച്ചിരിക്കുന്നത്. ഒരു പ്രതിയെ വെറുതെവിട്ടതായി പഞ്ചാബ് പ്രോസിക്യൂഷന്‍ വകുപ്പ് സെക്രട്ടറി നദീം സര്‍വാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

നാല്പത്തൊമ്പതുകാരനായ പ്രിയന്തയെ 2021 ഡിസംബര്‍ മൂന്നിന് അദ്ദേഹം മാനേജരായി ജോലി ചെയ്യുന്ന ഫാക്ടറിയില്‍ തൊഴിലാളികള്‍ കൂട്ടം ചേർന്നാണ് തല്ലിക്കൊന്നത്. മതനിന്ദയുടെ പേരില്‍ പ്രിയന്തയെ വധിച്ചതിന് ശേഷം അക്രമികള്‍ മൃതദേഹത്തിന് മുന്നില്‍ നിന്ന് സെല്‍ഫിയെടുത്തത് വാര്‍ത്തയായിരുന്നു. എന്നാല്‍ പ്രിയന്തയുടെ വധത്തിന് പിന്നില്‍ മതമല്ലെന്ന് വരുത്താനായിരുന്നു പാക് ഭരണകൂടം ശ്രമിച്ചിരിക്കുന്നത്. പതിനഞ്ചുവര്‍ഷത്തിനിടെ പാക്കിസ്ഥാനില്‍ ശ്രീലങ്കന്‍ പൗരന്മാര്‍ക്കെതിരെ നടക്കുന്ന രണ്ടാമത്തെ അക്രമസംഭവമാണിത്.

Related Articles

Latest Articles