Tuesday, April 23, 2024
spot_img

“തൂക്കിലേറ്റിയിട്ടും ബ്രിട്ടീഷുകാര്‍ക്ക് വിദ്വേഷം തീരാത്ത ഇന്ത്യന്‍ ധീരന്‍”; ഇന്ന് മദൻ ലാൽ ധിംഗ്ര ജന്മവാർഷിക ദിനം

അനശ്വരനായ ധീരവിപ്ലവകാരി മദൻ ലാൽ ധിംഗ്രയുടെ ജന്മവാർഷിക ദിനമാണ് ഇന്ന്. വിനായക് ദാമോദര്‍ സവര്‍ക്കര്‍ എന്ന വിപ്ലവകാരിയുടെ സ്വാധീനത്താല്‍ പിറന്ന മണ്ണിനു വേണ്ടി പോരാടാനിറങ്ങിയ രാജ്യസ്നേഹി, ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ ഇന്ത്യയുടെ ധീരനായ പോരാളി എന്നൊക്കെയുള്ള വിശേഷണങ്ങളാണ് നാം മദൻ ലാൽ ധിംഗ്രയെക്കുറിച്ച് ഓർക്കുമ്പോൾ ഓർമ്മ വരുന്നത്.

മദൻ ലാൽ ധിംഗ്ര എന്ന ധീരനായ പോരാളിയുടെ ആദ്യകാല ജീവിതം

1883 സെപ്റ്റംബര്‍ 18ന് അമൃതസറിലെ ഒരു ധനിക കുടുംബത്തിലായിരുന്നു മദൻ ലാൽ ധിംഗ്ര ജനിച്ചത്. അമൃത്സറിലെ മുനിസിപ്പല്‍ കോളേജ്, ലാഹോറിലെ ഗവണ്മെന്റ് കോളേജ് എന്നിവിടങ്ങളില്‍ ആയിരുന്നു പഠനം. പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച്‌ പഞ്ചാബ് ഗവണ്മെന്റിന്റെ കശ്മീര്‍ സെറ്റില്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിലും പിതൃസഹോദരന്റെ ട്രാന്‍സ്‌പോര്‍ട്ട് കമ്ബനിയിലും ജോലി ചെയ്തു. പിന്നീട് ബോംബെയില്‍ കപ്പല്‍ നാവികനായി ജോലിയില്‍ പ്രവേശിച്ചു.

എന്നാല്‍ മാതാപിതാക്കള്‍ എഞ്ചിനീയറിംഗ് പഠനത്തിനായി അദ്ദേഹത്തെ ഇംഗ്ലണ്ടിലേക്ക് അയച്ചു. ഇംഗ്ലണ്ടിലെത്തിയ അദ്ദേഹം ശ്യാംജി കൃഷ്ണവര്‍മ്മയുടെ ഇന്ത്യന്‍ ഹോം റൂള്‍ സൊസൈറ്റിയില്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. ശ്യാംജിയോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന വിനായക് ദാമോദര്‍ സവര്‍ക്കര്‍ എന്ന വിപ്ലവകാരിയുടെ സ്വാധീനത്താല്‍ മദന്‍ ലാല്‍ ധിംഗ്ര വിപ്ലവ പാതയില്‍ പ്രവേശിക്കുകയും അഭിനവ ഭാരത് സൊസൈറ്റി, ഇന്ത്യന്‍ ഹോം റൂള്‍ സൊസൈറ്റി എന്നിവയില്‍ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു.

തങ്ങളെപോലെ തന്നെ മദന്‍ ലാലും സാമ്രാജ്യ ഭക്തന്‍ ആകണം എന്നാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ആഗ്രഹിച്ചിരുന്നത്. അതിന്റെ ഭാഗമായി ഇന്ത്യ സെക്രട്ടറിയുടെ പൊളിറ്റിക്കല്‍ എഡിസി ആയിരുന്ന സര്‍ കഴ്‌സണ്‍ വൈലിയോട് മദന്‍ ലാലിന്റെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ വെക്കണമെന്ന് അവര്‍ പറഞ്ഞു. തുടര്‍ന്ന് നേരിട്ട് കാണണം എന്ന് കഴ്‌സണ്‍ മദന്‍ ലാലിന് കത്തെഴുതി. തന്റെ വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ഉള്ള ഉദ്ദേശം ആണ് ഇതെന്ന് മദന്‍ ലാല്‍ കരുതി. 1909 ജൂലൈ 1ന് ലണ്ടനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്ബീരിയല്‍ സ്റ്റഡീസില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ അസോസിയേഷന്റെ വാര്‍ഷികപരിപാടിക്ക് ശേഷം വിദ്യാര്‍ത്ഥികളുമായി സംസാരിച്ചു നില്‍ക്കുകയായിരുന്ന കഴ്‌സണ്‍ വൈലിയെ മദന്‍ ലാല്‍ വെടിവെച്ചുകൊന്നു.

ഈ സംഭവത്തോടെ ഭാരതീയ യുവാക്കളുടെ ആരാധനപാത്രമായി മാറി മദന്‍ ലാല്‍. എന്നാല്‍ ഇതേസമയം മകന്റെ പ്രവൃത്തിയില്‍ അമര്‍ഷം തോന്നിയ പിതാവ് വൈസ്രോയിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് കത്തെഴുതി. എന്നാൽ മദന്‍ ലാലിനെ ഓള്‍ഡ് ബെയ്ലി കോര്‍ട്ടില്‍ വിചാരണ ചെയ്യുകയും തന്നെ ശിക്ഷിക്കാന്‍ ബ്രിട്ടീഷ് കോടതിക്ക് അധികാരമുണ്ടെന്ന് അംഗീകരിക്കാന്‍ ആകില്ലെന്നും അതുകൊണ്ട് തന്നെ ഞാൻ ണ് സ്വയം കേസ് വാദിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷുകാരോട് പോരാടുന്നത് രാജ്യത്തോടുള്ള സ്‌നേഹത്തിന്റെ ഭാഗമാണെന്നും, ബ്രിട്ടീഷുകാര്‍ തന്നെ തൂക്കിലേറ്റണമെന്ന് താന്‍ ആഗ്രഹിക്കുന്നതായും ഇത് ഇംഗ്ലീഷുകാരോടുള്ള ഇന്ത്യക്കാരുടെ പ്രതികാരം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 20 മിനിറ്റിനുള്ളില്‍ തന്നെ കോടതി നടപടികള്‍ പൂര്‍ത്തിയായി. ലണ്ടനിലെ പെന്റന്‍വില്‍ ജയിലില്‍ 1909 ആഗസ്റ്റ് 17ന് വധശിക്ഷ നടപ്പിലാക്കി.

തൂക്കിലേറ്റപ്പെട്ട ധീര വിപ്ലവകാരി മദൻലാൽ ധിംഗ്ര അന്ത്യപ്രസ്താവനയിൽ പറഞ്ഞതിങ്ങനെ:

“ ബയണറ്റുകൾ ചൂണ്ടി അടിമത്തത്തിൽ വെക്കപ്പെട്ടിരിക്കുന്ന ഒരു രാജ്യം ചിരന്തനമായ യുദ്ധത്തിലേർപ്പെട്ടിരിക്കുകയാണെന്ന് ഞാൻ വിശ്വസിക്കുന്നു . ധനത്തിലും ബുദ്ധി ശക്തിയിലും ദരിദ്രനായ എന്നെപ്പോലൊരു പുത്രന് സ്വന്തം രക്തമല്ലാതെ മറ്റെന്താണ് അമ്മയുടെ കാൽക്കൽ അർപ്പിക്കാൻ കഴിയുക .ഇതേ അമ്മയുടെ പുത്രനായി ഒരിക്കൽക്കൂടി ജനിക്കണമെന്നും അമ്മയെ സ്വതന്ത്രയാക്കാനുള്ള യത്നത്തിൽ ജീവൻ അർപ്പിക്കണമെന്നും മാത്രമാണെന്റെ പ്രാർത്ഥന … വന്ദേ മാതരം “

എന്നാൽ തൂക്കിലേറ്റിയ ശേഷം അദ്ദേഹത്തിന്റെ മൃതദേഹം വേണ്ടപ്പെട്ടവര്‍ക്ക് വിട്ടുകൊടുത്തില്ല . പെന്റന്‍വില്‍ സെമിത്തേരിയില്‍ മറവുചെയ്ത ശരീരം ഏറെ നാള്‍ അജ്ഞാതമായി കിടന്നെങ്കിലും 1976ല്‍ കണ്ടെത്തുകയും ഭൗതിക ശരീരം ദഹിപ്പിക്കുകയും ഔദ്യോഗിക ബഹുമതികളോടെ ചിതാഭസ്മം നാട്ടിലെത്തിക്കുകയും ചെയ്തു. മദന്‍ ലാലിനോടുള്ള ആദര സൂചകമായി 1909ല്‍ മാഡം കാമ ആരംഭിച്ച തല്‍വാര്‍ എന്ന പ്രസിദ്ധീകരണത്തിന് മദന്‍സ് തല്‍വാര്‍ എന്ന പേര് നല്‍കുകയും ചെയ്തു.

Related Articles

Latest Articles