Sunday, May 26, 2024
spot_img

ജഹാംഗീര്‍പുരിയിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നു: ബുള്‍ഡോസറുമായി കോര്‍പ്പറേഷന്‍, അടിയന്തര നീക്കം

ദില്ലി: സംഘര്‍ഷങ്ങള്‍ക്കിടെ ദില്ലി ജഹാംഗീര്‍പുരിയിലെ അനധികൃത കയ്യേറ്റങ്ങള്‍ അടിയന്തരമായി ഒഴിപ്പിക്കാന്‍ നീക്കം. ഹാംഗീര്‍പുരിയില്‍ ഘോഷയാത്രയ്ക്ക് നേരെ അക്രമണമുണ്ടായതിന് പിന്നാലെയാണ് ദില്ലി നോർത്ത് കോർപറേഷൻ നടപടി സ്വീകരിച്ചിരിക്കുന്നത്.

ഇന്നും വ്യാഴാഴ്ചയുമാണ് ഒഴിപ്പിക്കല്‍ നടപടികള്‍ ഉണ്ടാകുന്നത്. കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ആണ് ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. ഇതിന്റെ ഭാഗമായി 400 പൊലീസ് ഉദ്യോഗസ്ഥരെ ദില്ലി പൊലീസ് വിട്ടു നല്‍കും. ഇന്നു രാവിലെ തന്നെ ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് ബുള്‍ഡോസറുകള്‍ എത്തി.

അതേസമയം, രാവിലെ ഒമ്പതര മുതലാണ് ഒഴിപ്പിക്കല്‍ ആരംഭിച്ചത്. പൊതുമരാമത്ത്, തദ്ദേശ സ്ഥാപനങ്ങള്‍, പൊലീസ്, വര്‍ക്ക്‌സ് ആന്‍ഡ് മെയിന്റനന്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്, ആരോഗ്യ വകുപ്പ്, വെറ്റിനറി ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയുടെ സഹകരണത്തോടെയായിരിക്കും നടപടികളെന്നും നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കി.

അതേസമയം, സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി. കലാപകാരികള്‍ക്ക് എതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡെല്‍ഹി പോലീസിന് നിര്‍ദ്ദേശം നല്‍കിയതിന് തൊട്ടുപിന്നാലെയാണിത്.

ആള്‍ക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്ത സോനു ഷെയ്ഖ്, അക്രമത്തിന്റെ മുഖ്യ സൂത്രധാരനെന്ന് പറയപ്പെടുന്ന അന്‍സാര്‍, സലിം, ദില്‍ഷാദ്, ആഹിര്‍ എന്നിവര്‍ക്ക് എതിരെയാണ് ദേശീയ സുരക്ഷാ നിയമം ചുമത്തിയത്. ഹനുമാന്‍ ജയന്തി ദിനത്തില്‍ ഡെല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ സംഘര്‍ഷമുണ്ടായത് മുതല്‍ ആഭ്യന്തരമന്ത്രി സ്‌ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ്.

Related Articles

Latest Articles