പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെതിരെയുള്ള വിജിലൻസ് കണ്ടെത്തലുകൾ പുറത്ത്. 2013ൽ വി.കെ.ഇബ്രാഹിംകുഞ്ഞ് മന്ത്രിയായിരിക്കേ പാലാരിവട്ടം മേൽപ്പാലത്തിന്റെ നിർമ്മാണ കരാർ മാനദണ്ഡങ്ങൾ മറികടന്ന് ആർബിഡിസി കെയും കിറ്റ്കോയും പിഡബ്ല്യുഡി ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തി ചട്ടവിരുദ്ധമായി ആർഡിഎസ് പ്രോജക്ടിന് നൽകിയെന്നാണ് വിജിലൻസിന്റെ പ്രധാന കണ്ടെത്തൽ.
ടെൻഡർ വ്യവസ്ഥ പ്രകാരവും എഗ്രിമെന്റ് വ്യവസ്ഥപ്രകാരവും ഇല്ലാതിരുന്ന മുൻകൂർ പണം ആർഡിഎസ് കമ്പനി ഉടമ സുമിത്ത് ഗോയൽ സ്വാധീനമുപയോഗിച്ച് വികെ ഇബ്രാഹിം കുഞ്ഞിന്റെ നിർദ്ദേശപ്രകാരം നൽകി. എട്ടര കോടി രൂപ ഏഴ് ശതമാനം പലിശയ്ക്ക് നൽകിയെന്നാണ് കണ്ടെത്തൽ. ഇത്തരത്തിൽ ഏഴ് ശതമാനം പലിശയ്ക്ക് നൽകിയപ്പോൾ അന്നുണ്ടായിരുന്ന 13% എന്ന പലിശ നിരക്കിൽ ഇളവു നൽകിയതുകൊണ്ട് സംസ്ഥാന സർക്കാരിന് നഷ്ടം സംഭവിച്ചുവെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
13.5 ശതമാനം നിരക്കിലാണ് പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സർക്കാർ ലോൺ നൽകിവരുന്നത്. ഈ സമയത്താണ് ആർഡിഎസിന് ഏഴ് ശതമാനം നിരക്കിൽ ചട്ടവിരുദ്ധമായി വായ്പ ലഭിച്ചത്. ഇത്തരത്തിൽ 85 ലക്ഷം രൂപ നഷ്ടമുണ്ടായെന്നാണ് വിജിലൻസിന്റെ അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്.

