പാര്‍വ്വതി ദേവിയുടെ മടിയില്‍ തലവെച്ചുറങ്ങുന്ന രൂപത്തിലുള്ള ശിവനെ ആരാധിക്കുന്ന ക്ഷേത്രം | SHIV PARVATHI TEMPLE

ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ സുരുട്ടുപ്പള്ളി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അതിപ്രശസ്തമായ ശിവക്ഷേത്രമാണ് പള്ളികൊണ്ടേശ്വർ ക്ഷേത്രം. പള്ളികൊള്ളുന്ന രീതിയിലുള്ള ശിവനെ ആരാധിക്കുന്ന ഈ ക്ഷേത്രം ലോകമെമ്പാടുമുള്ള ശൈവഭക്തരുടെ തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്. പാര്‍വ്വതി ദേവിയുടെ മടിയില്‍ തലവെച്ചുറങ്ങുന്ന രൂപത്തിലുള്ള ശിവനെയാണ് ഇവിടെ ആരാധിക്കുന്നത്. പള്ളികൊള്ളുന്ന രൂപത്തിലുള്ള ശിവനായതിനാലാണ് പള്ളികൊണ്ടേശ്വരര്‍ ക്ഷേത്രം എന്ന പേരിലിത് അറിയപ്പെടുന്നത്.

ലോകത്തില്‍ ഇത്തരത്തില്‍ ശിവനെ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന ക്ഷേത്രം ഇതുമാത്രമേയുള്ളൂ എന്നാണ് വിശ്വാസം. ഭോഗശയന ശിവൻ എന്നും ഇവിടുത്തെ ശിവന് പേരുണ്ട്. അമൃത് കടഞ്ഞെടുക്കുവാനുള്ള പാലാഴി മഥനത്തില്‍ അമൃതിനും മുന്‍പായി ഹാലാഹലം എന്ന വിഷം വമിക്കുവാന്‍ തുടങ്ങി. ലോകത്തിനു മുഴുവന്‍ ദോഷകരമായേക്കാവുന്ന ഈ വിഷം അത്യുഗ്രപ്രഭയില്‍ പുറത്തു വന്നപ്പോള്‍ ആര്‍ക്കും തന്നെ അവിടെ നില്‍ക്കുവാനായില്ല. ലോകത്തെയും ദേവഗണത്തെയും ഹാലാഹല വിഷത്തില്‍ നിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ട് ദേവന്മാര്‍ മഹാദേവന്‍റെ പക്കലെത്തി. ലോലത്തിന്‍റെ രക്ഷയ്ക്കായി ദേവന്‍ ഹാലാഹലത്തെ ഒരു ഞാവൽപ്പഴത്തിന്റെ ആകൃതിയിലാക്കി വിഴുങ്ങി. ഉള്ളിലെത്തിയാല്‍ അത് മഹാദേവന് അപകടകരമാണെന്ന് മനസ്സിലാക്കിയ പാര്‍വ്വതി ദേവി അത് തടയുവാനായി ശിവന്‍റെ കഴുത്ത് അമര്‍ത്തിപ്പിടിച്ചു.

കുറേ സമയം കഴിഞ്ഞപ്പോള്‍ ആ വിഷം അവിടെ കണ്ഠത്തില്‍ തന്നെ ഉറയ്ക്കുകയും ചെയ്തു. ഇങ്ങനെയാണ് ശിവന്‍ നീലകണ്ഠന്‍ ആയതെന്നാണ് വിശ്വാസം. അങ്ങനെയിരിക്കേ കുറച്ചു കഴിഞ്ഞപ്പോള്‍ ശിവന് ഒരു മോഹാലസ്യം അനുഭവപ്പെട്ടുവത്രെ. ഇതു കണ്ട പാര്‍വ്വതി ദേവി അദ്ദേഹത്തിന്റെ ശിരസ്സ് തന്റെ മടിയില്‍ കിടത്തി. അങ്ങനെ പാര്‍വ്വതി ദേവിയുടെയും മറ്റ് മുപ്പത്തിമുക്കോടി ദേവതകളുടെയും സാന്നിധ്യത്തില്‍ അദ്ദേഹം പള്ളികൊണ്ടു. അങ്ങെ പള്ളികൊണ്ട ശിവനാണ് പള്ളികൊണ്ടേശ്വർ എന്നറിയപ്പെടുന്നത്.