Saturday, May 18, 2024
spot_img

ഹരിത വിവാദം: മുഖ്യമന്ത്രിക്ക് മറുപടിയുമായി പാണക്കാട് സാദിഖലി തങ്ങൾ

മലപ്പുറം: ഹരിത വിവാദത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി പാണക്കാട് സാദിഖലി തങ്ങള്‍. മുസ്ലീം ലീഗ് ലിംഗ വിവേചനം നടത്തുന്ന പാർട്ടിയല്ലെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. മുസ്ലീം ലീഗിനോളം വനിതകളെ പരിഗണിച്ചവർ കുറവായിരിക്കും. തദ്ദേശ സ്ഥാപനങ്ങളിൽ ലീഗിന് രണ്ടായിരത്തിൽ അധികം വനിതാ പ്രതിനിധികളുണ്ട്. ഹരിതക്ക് പുതിയ കമ്മിറ്റിയെ കൊണ്ട് വരികയാണ് ചെയ്തത്. പിന്നെ എവിടെയാണ് ലിംഗ വിവേചനമെന്ന് സാദിഖലി തങ്ങള്‍ ചോദിച്ചു. നിയമസഭയിലെ വിവാദങ്ങൾക്ക് നിയമസഭയിൽ തന്നെ മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹരിതയ്ക്കെതിരായ മുസ്ലിംലീഗ് നടപടി ഭരണപക്ഷം നിയമസഭയില്‍ ഉന്നയിച്ചതിനെതിരെയാണ് സാദിഖലി തങ്ങള്‍ രംഗത്തെത്തിയത്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെടുത്തിയാണ് ഹരിത വിഷയം ഭരണപക്ഷം ചോദ്യോത്തര വേളയിൽ ഉന്നയിച്ചത്. ഹരിതയുമായി ബന്ധപ്പെട്ട ചോദ്യം റദ്ദാക്കണമെന്ന പ്രതിപക്ഷ ആവശ്യം സ്‍പീക്കര്‍ അംഗീകരിക്കാത്തത് ചോദ്യോത്തര വേളയിൽ ഭരണ-പ്രതിപക്ഷ വാക്ക്പോരിന് ഇടയാക്കി. സ്ത്രീവിരുദ്ധ ഇടപെടലുകളിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾ മാറി നിൽക്കണമെന്ന് പറഞ്ഞ് മുഖ്യമന്ത്രി ലീഗിനെതിരെ പരോക്ഷ വിമർശനം നടത്തി.

ഹരിതക്കെതിരായ നടപടി സമൂഹത്തിന് നൽകിയത് തെറ്റായ സന്ദേശമെന്ന് ഭരണപക്ഷം കുറ്റപ്പെടുത്തി. എന്നാൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ ആഭ്യന്തര പ്രശ്‍നം ചോദ്യോത്തരവേളയിൽ ഉന്നയിക്കുന്നത് ദുരുദ്ദേശത്തോടെയെന്ന് പ്രതിപക്ഷം പറഞ്ഞു. ചോദ്യം റദ്ദാക്കണമെന്ന പ്രതിപക്ഷ ആവശ്യം പക്ഷേ സ്പീക്കർ അംഗീകരിച്ചില്ല. ഇതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് എത്തി. പിന്നാലെ പ്രതിപക്ഷ പ്രതിഷേധം അവഗണിച്ച് ലീഗിനെതിരെ പരോക്ഷ വിമർശനം മുഖ്യമന്ത്രി നടത്തി. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളില്‍ നിന്ന് പാര്‍ട്ടികള്‍ മാറിനില്‍ക്കണം. പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നല്‍കരുതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

Related Articles

Latest Articles