Saturday, May 18, 2024
spot_img

പാനൂർ സ്ഫോടനം; എഫ്ഐആറിൽ രണ്ട് പേരുടെ പേരുകൾ മാത്രം; അന്വേഷണം വ്യാപിപ്പിക്കാനും നിര്‍ദ്ദേശമില്ല; അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന് പരാതി

കണ്ണൂര്‍: പാനൂർ സ്ഫോടനത്തിലെ അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന് പരാതി. നി‍ര്‍മ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ടിട്ടും അന്വേഷണം വ്യാപിപ്പിക്കാൻ പോലീസിന് നിര്‍ദ്ദേശമില്ല. എഫ്ഐആറിൽ രണ്ട് പേരുടെ പേരുകൾ മാത്രമാണുളളത്. പോലീസ് അന്വേഷണത്തെ കുറിച്ചും യുഡിഎഫ് അടക്കം വ്യാപകമായി പരാതി ഉയ‍ര്‍ത്തിയിട്ടുണ്ട്. സമീപ പ്രദേശങ്ങളിലും സമാനമായ രീതിയിലുളള ബോംബ് നിര്‍മ്മാണമുണ്ടെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.

ബോംബ് നിർമാണത്തിനിടെയുണ്ടായ പൊട്ടിത്തെറിയിലാണ് സിപിഎം അനുഭാവിയായ യുവാവ് കൊല്ലപ്പെട്ടത്. മൂളിയന്തോട് നിർമ്മാണത്തിലിരുന്ന വീട്ടിൽ ബോംബുണ്ടാക്കാൻ പത്തോളം പേരാണ് ഒത്തുകൂടിയതെന്നാണ് വിവരം. എന്നാൽ അന്വേഷണം വ്യാപിപ്പിക്കാൻ ഇതുവരെയും പോലീസിന് നി‍ര്‍ദ്ദേശം നൽകിയിട്ടില്ല.

സംഘത്തിൽ ഉള്ളവരിൽ രണ്ട് പേർ കസ്റ്റഡിയിൽ ഉണ്ടെന്നു വിവരമുണ്ടെങ്കിലും പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മരിച്ച ഷെറിൻ, ഗുരുതരമായി പരിക്കേറ്റ വിനീഷ് എന്നിവരെ മാത്രമാണ് പ്രതി ചേർത്തിരിക്കുന്നത്. ഏതെങ്കിലും വ്യക്തികളെ അപായപ്പെടുത്തണമെന്ന ഉദേശത്തോടെ ബോംബ് നിർമ്മിക്കുമ്പോൾ പൊട്ടിത്തെറിച്ചുവെന്നാണ് എഫ്ഐആറിലുളളത്. പരിക്കേറ്റവർ കോഴിക്കോടും പരിയാരത്തും ചികിത്സയിലുണ്ടെങ്കിലും പ്രതി ചേർത്തിട്ടില്ലെന്നാണ് വിവരം.

സിപിഎം പ്രവർത്തകരെ ആക്രമിച്ച കേസിലുൾപ്പെടെ പ്രതികളാണ് സ്ഫോടനത്തിൽ പരിക്കേറ്റവർ. ക്വട്ടേഷൻ സംഘങ്ങളുമായും ഇവർക്ക് ബന്ധമുണ്ടെന്ന് വിവരം.

Related Articles

Latest Articles