Sunday, May 5, 2024
spot_img

പാറമ്പുഴ കൂട്ടക്കൊല കേസ് !പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി

കൊച്ചി : കോട്ടയം പാറമ്പുഴ കൂട്ടക്കൊല കേസ് പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. കേസിലെ പ്രതി ഉത്തർപ്രദേശ് ഫിറോസാബാദ് സ്വദേശി നരേന്ദ്ര കുമാർ 20 വർഷം ഇളവില്ലാതെ തടവുശിക്ഷ അനുഭവിക്കണം. വിചാരണ കോടതി വധശിക്ഷ വിധിച്ചതിനെതിരെ പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

അതിക്രൂരമായ കൊലപാതകമാണ് നടന്നത് എന്നതിൽ യാതൊരു സംശയവുമില്ലെന്ന് വിധി പ്രസ്താവിച്ച ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാരും വി.എം.ശ്യാം കുമാറും ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. പ്രതി കുറ്റക്കാരനെന്നു കണ്ടെത്തിയതും ശിക്ഷിച്ചതുമായ വിചാരണ കോടതിയുടെ നടപടി ഹൈക്കോടതി ശരിവച്ചു. എന്നാൽ ഒരു മനുഷ്യനാണ് എന്നതും സാഹചര്യത്തെളിവുകളാണ് പ്രതിക്കെതിരെ ഉള്ളത് എന്നതും പരിഗണിച്ച് വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കുന്നുവെന്ന് കോടതി പറഞ്ഞു.

2015 മേയ് 16 ന് പാറമ്പുഴയിൽ ഡ്രൈക്ലീനിങ് സ്ഥാപനം നടത്തിയിരുന്ന ലാലസൻ, ആരോഗ്യ വകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടർ ആയ ഭാര്യ പ്രസന്ന, മൂത്ത മകൻ പ്രവീൺ ലാൽ എന്നിവര്‍ കൊല്ലപ്പെട്ടതാണ് കേസ്. വീട്ടിലെ ഡ്രൈ ക്ലീനിങ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഉത്തർപ്രദേശിലെ ഫിറോസാബാദ് സ്വദേശി നരേന്ദ്രകുമാർ (26) ആയിരുന്നു പ്രതി. അപൂര്‍വങ്ങളിൽ അപൂര്‍വമെന്ന് വിശേഷിപ്പിച്ചാണ് 2017ൽ വിചാരണ കോടതി ഇയാൾക്ക് വധശിക്ഷ വിധിച്ചത്.

ഡ്രൈക്ലീനിങ് സ്ഥാപനത്തിൽ കിടന്നുറങ്ങുകയായിരുന്ന പ്രവീൺ ലാലിനെയാണ് ഇയാൾ ആദ്യം കൊലപ്പെടുത്തിയത്. പിന്നീട് ഫോൺ വന്നിട്ടുണ്ടെന്ന് പറഞ്ഞ് ലാലസനെയും പ്രസന്നയെയും വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു. ജോലി സ്ഥലത്തെ പ്രശ്നങ്ങളും മോഷണവുമായിരുന്നു പ്രതിയുടെ ലക്ഷ്യങ്ങളെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. കൊലപാതകത്തിനു ശേഷം നാടുവിട്ട പ്രതിയെ ഉത്തർപ്രദേശിൽ നിന്നാണ് പിടികൂടിയത്.

Related Articles

Latest Articles