തിരുവനന്തപുരം: കാമുകി നൽകിയ കഷായവും ജ്യൂസും കുടിച്ച് യുവാവ് മരണപ്പെട്ട സംഭവത്തിൽ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കുടുംബം. പ്രാദേശിക പോലീസിന്റെ അന്വേഷണത്തിൽ അതൃപ്തി അറിയിച്ചാണ് കൊല്ലപ്പെട്ട ഷാരോൺ രാജിന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നത്. നിലവിലെ അന്വേഷണം കാര്യക്ഷമമല്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യമാണെന്നുമാണ് കുടുംബം മുന്നോട്ട് വെക്കുന്ന ആവശ്യം.
ഷാരോണിനെ വിഷം നൽകി കൊലപ്പെടുത്തിയെന്നാണ് മാതാപിതാക്കളുടെ പരാതി. അന്ധവിശ്വാസത്തിന്റെ ഭാഗമായി മകനെ വിഷം നൽകി കാമുകി കൊലപ്പെടുത്തിയതാണെന്നും മാതാപിതാക്കൾ പറയുന്നു. ആന്തരിക അവയവങ്ങളുടെ പരിശോധനഫലം വന്നതിന് ശേഷം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താനാണ് തീരുമാനം. ഇതിനിടയിലാണ് കുടുംബം ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്.
പ്രോജക്ട് വാങ്ങാനാണ് ഈ മാസം പതിനാലിന് യുവതിയുടെ വീട്ടില്‍ പോയതെന്നും ഒരു വർഷമായി പരിചയമുള്ള പെൺകുട്ടിയുടെ വീട്ടിൽ നിന്ന് കഷായവും ജ്യൂസും കുടിച്ചതായി യുവാവ് ബന്ധുക്കളെ അറിയിച്ചിരുന്നു. ആസിഡ് പോലുള്ള എന്തോ അകത്ത് ചെന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ആന്തരീകാവയവങ്ങൾ ദ്രവിച്ച് പോയതായും വെന്റിലേറ്ററിലിരിക്കെ ഹൃദയാഘാതം സംഭവിച്ചായിരുന്നു മരണമെന്നും ഡോക്ടർമാർ അറിയിച്ചതായി ബന്ധുക്കൾ പറയുന്നു.

