Monday, May 6, 2024
spot_img

പാർലമെന്റ് സമ്മേളനം നാളെ മുതൽ ആരംഭിക്കും ; ബജറ്റ് അവതരണം ബുധനാഴ്ച

ദില്ലി : പാര്‍ലമെന്റ് ബജറ്റ് സമ്മേളനം നാളെ മുതൽ ആരംഭിക്കും.ലോക് ,രാജ്യ സഭകളുടെ സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് നാളെ സെന്‍ട്രല്‍ ഹാളില്‍ രാഷ്ട്രപതി നയപ്രഖ്യാപനപ്രസംഗം നടത്തും. ബുധനാഴ്ച ലോക്സഭയില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ രാജ്യം പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന പൊതുബജറ്റ് അവതരിപ്പിക്കും.

രാഷ്ട്രപതിയായി ചുമതലയേറ്റ ദ്രൗപദി മുര്‍മുവിന്റെ ആദ്യ നയപ്രഖ്യാപനപ്രസംഗമായിരിക്കും നാളെ നടക്കുക . രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിവിവരങ്ങള്‍ ഉൾക്കൊള്ളുന്ന സാമ്പത്തികസര്‍വേയും നാളെ സഭയില്‍ അവതരിപ്പിക്കും.തൊട്ടടുത്ത ദിവസം ബുധനാഴ്ച രാവിലെ 11-ന് ലോക്സഭയില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും.

രണ്ടുഘട്ടങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ 66 ദിവസങ്ങളിലായി 27 സിറ്റിങ്ങുകളാണ് നിശ്ചയിച്ചിരിക്കുന്നത്. സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 13 വരെയാണ് ചേരുന്നത്. തുടര്‍ന്ന് 14 മുതല്‍ മാര്‍ച്ച് 13 വരെ ഇടവേളയാണ്. ഇക്കാലയളവില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ തങ്ങളുടെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കും. തുടര്‍ന്ന് മാര്‍ച്ച് 13-ന് പുനഃരാരംഭിക്കുന്ന സമ്മേളനം ഏപ്രില്‍ ആറുവരെ നീണ്ടുനില്‍ക്കും.

ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് സര്‍വകക്ഷിയോഗം ചേര്‍ന്നു. പാര്‍ലമെന്റ് ഹൗസ് കോംപ്ലക്‌സില്‍ ചേര്‍ന്ന യോഗത്തില്‍ ലോക്‌സഭാ ഉപനേതാവ് രാജ്‌നാഥ് സിങ്, പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി, സഭാ കക്ഷി നേതാവ് പീയുഷ് ഗോയല്‍, സഹമന്ത്രിമാരായ അര്‍ജുന, രാം മെഗ്‌വാള്‍, വി. മുരളീധരന്‍ തുടങ്ങിയ ഭരണകക്ഷിയിലെ പ്രമുഖ നേതാക്കള്‍ പങ്കെടുത്തു.

Related Articles

Latest Articles