Saturday, April 27, 2024
spot_img

പി.സി. ജോര്‍ജിന് വീണ്ടും നോട്ടീസ്; തിങ്കളാഴ്ച വീണ്ടും ഹാജരാകണം

കോട്ടയം: വിദ്വേഷ പ്രസംഗ കേസില്‍ ജനപക്ഷം നേതാവ് പിസി ജോര്‍ജിന് വീണ്ടും പോലീസ് നോട്ടീസ് അയച്ചു. തിങ്കളാഴ്ച രാവിലെ 11 മണിയ്ക്ക് തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ എത്താനാണ് നിര്‍ദേശം. ഇന്നലെ ആണ് നോട്ടീസ് നല്‍കിയത്. പിസി ജാമ്യ ഉപാധികള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാന്‍ പോലീസ് തീരുമാനിച്ചിരുന്നു. എന്നാല്‍ നിയമോപദേശം തേടിയതിന് പിന്നാലെ തീരുമാനത്തില്‍ നിന്ന് പോലീസ് പിന്‍വാങ്ങുകയായിരുന്നു.വീണ്ടും നോട്ടീസ് നല്‍കാനായിരുന്നു നിയമോപദേശം ലഭിച്ചത്. ഇതിന് പിന്നാലെയാണ് പിസിയ്ക്ക് പോലീസ് വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത്.

ഹെക്കോടതിയെ സമീപിക്കുമ്പോള്‍ പിസിയുടെ തൃക്കാക്കരയിലെ പ്രചരണപരിപാടികള്‍ക്ക് തടസ്സം സൃഷ്ടിക്കാനാണ് അന്നേദിവസം തന്നെ നോട്ടീസ് നല്‍കിയതെന്ന് പിസി ആരോപണം ഉന്നയിച്ചാല്‍ കോടതിയുടെ തീരുമാനം എന്താവുമെന്നും പോലീസിന് ആശങ്കയുണ്ടായിരുന്നു. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്നായിരുന്നു പോലീസ് ആദ്യം ആരോപിച്ചിരുന്നത്. ഞായറാഴ്ച ഹാജരാകാന്‍ ഫോര്‍ട്ട് പോലീസ് പിസിയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. തൃക്കാക്കരയില്‍ എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാനുളള തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു നോട്ടീസ്. സര്‍ക്കാര്‍ സമ്മര്‍ദ്ദത്തില്‍ പ്രചാരണത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പോലീസിനെ ഉപയോഗിക്കുകയാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഒരു പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനാണെന്നും ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പാര്‍ട്ടിയുടെ നിലപാട് അണികളോട് പറയേണ്ടതുണ്ടെന്നുമായിരുന്നു പി.സി നല്‍കിയ വിശദീകരണം.

ഇതോടെ പോലീസ് ജോര്‍ജിന് വീണ്ടും നോട്ടീസ് നല്‍കി. എന്നാല്‍ തൃക്കാക്കരയിലേക്ക് താന്‍ പ്രചാരണത്തിനായി പോവുകയാണെന്നും കൊച്ചിയില്‍ പോയി, ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തേക്ക് എത്താനാവില്ലെന്നും പിസി ജോര്‍ജ് മറുപടി നല്‍കുകയായിരുന്നു. ആരോഗ്യപരിശോധനയ്ക്ക് വേണ്ടി ഡോക്ടറെ കാണാനുണ്ടെന്നും അതിനാല്‍ ഞായറാഴ്ച കഴിഞ്ഞുള്ള ഏതെങ്കിലും ദിവസം പോലീസ് ആവശ്യപ്പെടുന്ന മുറയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാവാം എന്നുമായിരുന്നു പിസിയുടെ മറുപടി

Related Articles

Latest Articles