Sunday, May 26, 2024
spot_img

ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ഇടത് വലത് മുന്നണികൾ സീറ്റിനുവേണ്ടി പൊരിഞ്ഞ അടി; എൽ ഡി എഫ് അഴിമതി ആരോപണങ്ങളിൽ കുളിച്ചു നിൽക്കുമ്പോൾ യു ഡി എഫിൽ പോര് രൂക്ഷം; എൻ ഡി എ യിലേക്ക് മടങ്ങാനൊരുങ്ങി 2004 ൽ മുന്നണിയ്ക്ക് കേരളത്തിൽ കന്നി സീറ്റ് നേടിക്കൊടുത്ത പി സി തോമസ് ?

ലോകസഭാ തെരഞ്ഞെടുപ്പിനായി കേരളത്തിൽ മൂന്നു മുന്നണികളും ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. തെരഞ്ഞെടുപ്പൊരുക്കങ്ങളിൽ ബിജെപി തന്നെയാണ് മുന്നിൽ. ചുവരെഴുത്തുകൾ വരെ പാർട്ടി തുടങ്ങിക്കഴിഞ്ഞു. വീണ്ടും വരണം മോദി സർക്കാർ എന്ന വാക്യങ്ങളോടെ സംസ്ഥാനത്ത പല മണ്ഡലങ്ങളിലും ബിജെപി ചുവരെഴുത്തുകൾ ആരംഭിച്ചു കഴിഞ്ഞു. പ്രത്യേകിച്ചും പാർട്ടി എ പ്ലസ് മണ്ഡലങ്ങളായി കരുതുന്ന മണ്ഡലങ്ങളിൽ. ഭരണത്തിനെതിരെ തുടരെത്തുടരെ ഉയരുന്ന അഴിമതിയാരോപണങ്ങളിൽ ക്ഷീണിതരാണ് ഇടതുമുന്നണി. മുന്നണി ക്യാമ്പുകൾ തെരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കുമ്പോഴും ശോകമൂകമാണ്. 2019 ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ് എങ്കിലും ഘടകകക്ഷികൾ തമ്മിലുള്ള സീറ്റ് വിഭജനമാണ് മുന്നണിയുടെ മുന്നിലുള്ള പ്രശ്‌നം. കോൺഗ്രസ് 16, ലീഗ് 02, കേരളാ കോൺഗ്രസ് എം 01, ആർ എസ് പി 01 എന്നിങ്ങനെയായിരുന്നു സീറ്റ് വിഭജനം. എന്നാലിത്തവണ ഘടകകക്ഷികൾ ഇതിൽ തൃപ്തരാവില്ല എന്നാണ് റിപ്പോർട്ട്. രണ്ടു സീറ്റിൽ തങ്ങളെ ഒതുക്കാനാവില്ലെന്നും രാഹുൽ ഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ വയനാട് അടക്കമുള്ള സീറ്റുകൾ തങ്ങൾക്ക് വേണമെന്നും മുസ്ലിം ലീഗ് അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു. യു ഡി എഫിൽ ഇത്തവണ സീറ്റിനു വേണ്ടി കൂട്ടയടിയായിരിക്കും എന്ന് തന്നെയാണ് പുറത്തുവരുന്ന വാർത്ത.

എന്നാൽ ഇപ്പോൾ യു ഡി എഫിനൊപ്പമുള്ള കേരളാ കോൺഗ്രസ് നേതാവ് പി സി തോമസ് സീറ്റ് പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ പാർട്ടിയും യു ഡി എഫും അദ്ദേഹത്തെ പരിഗണിക്കുമോ എന്നുറപ്പില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹം എൻ ഡി എ യിലേക്ക് മടങ്ങുമെന്ന വാർത്തകൾ സജീവമാകുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറന്നത് പി സി തോമസ് വഴിയാണ്. 2004 ൽ മൂവാറ്റുപുഴയിൽ എൻ ഡി എ സ്ഥാനാർത്ഥിയായി അദ്ദേഹം ജയിച്ചു കയറുകയായിരുന്നു. അതുകൊണ്ടുതന്നെ ബിജെപി ഇത്തവണ കേരളത്തിൽ നിന്ന് അര ഡസനോളം സീറ്റുകൾ പ്രതീക്ഷിക്കുന്നുണ്ട്. കോട്ടയം സീറ്റിലേക്ക് പി സി തോമസ് വന്നാൽ പാർട്ടി സ്വാഗതം ചെയ്യും. മാത്രമല്ല വിജയിച്ചാൽ കേന്ദ്രമന്ത്രി പദവും പാർട്ടി വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഒരുവേള പരാജയപ്പെട്ടാലും രാജ്യസഭാ സീറ്റ് നൽകി മന്ത്രി സഭയിലേക്കെത്തിക്കുമെന്നും സൂചനയുണ്ട്.

കേരളത്തിലെ ക്രിസ്ത്യൻ വിഭാഗങ്ങളുടെ ഇടയിൽ ബിജെപി ഇപ്പോൾ സ്വാധീനം വർദ്ധിപ്പിക്കുകയാണ്. പിസി തോമസ് വന്നാൽ അൽഫോൺസ് കണ്ണന്താനം, പിസി തോമസ്, അനിൽ ആന്റണി തുടങ്ങി ആ വിഭാഗത്തിന് പാർട്ടിയിൽ ശക്തമായ നേതൃത്വമുണ്ടാകുകയാണ്. ഈ സാഹചര്യത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നതായും പി സി തോമസ് എൻ ഡി എ യിലേക്ക് വന്നേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതും. ആറു തവണ പാർലമെന്റിലേക്ക് ജയിച്ചു കയറിയ നേതാവാണ് പി സി തോമസ്. എന്നാൽ 2004 ൽ മാത്രമാണ് അദ്ദേഹം എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിച്ചത്. വാശിയേറിയ ത്രികോണ മത്സരത്തിൽ അദ്ദേഹം 529 വോട്ടുകൾക്കാണ് വിജയിച്ചത്. 256411 വോട്ടുകൾ പി സി പോൾ ചെയ്തപ്പോൾ എൽ ഡി എഫ് സ്ഥാനാർത്ഥി പി എം ഇസ്മായിൽ 255882 വോട്ടുകളും സാക്ഷാൽ ജോസ് കെ മാണി 209880 വോട്ടുകൾക്ക് മൂന്നാം സ്ഥാനത്ത് വരികയും ചെയ്തിരുന്നു. മത്സരിക്കുമ്പോൾ അദ്ദേഹം കേന്ദ്ര മന്ത്രിയായിരുന്നു. എന്നാൽ 2004 ൽ ബിജെപിയ്ക്ക് ഭരണം നിലനിർത്താൻ കഴിഞ്ഞിരുന്നില്ല.

Related Articles

Latest Articles