Sunday, September 27, 2026

സമാധാന ചർച്ചകൾ പാളി; കടലിടുക്കിൽ കപ്പലുകളെ തടഞ്ഞ് അമേരിക്ക

ടെഹ്‌റാൻ: ഇറാനെതിരെയുള്ള ഉപരോധം കർശനമാക്കിയതോടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. യുഎസും ഇറാനും തമ്മിൽ ഇസ്ലാമാബാദിൽ വെച്ച് നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. ഇതോടെ ചൈനീസ് ടാങ്കറുകൾ ഉൾപ്പെടെയുള്ള നിരവധി കപ്പലുകൾക്ക് യാത്ര പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു.

ഇറാനിയൻ തുറമുഖങ്ങളിലേക്ക് എത്തുന്ന കപ്പലുകളെ ലക്ഷ്യമിട്ടാണ് യുഎസ് സേന നിലവിൽ പരിശോധന കർശനമാക്കിയിരിക്കുന്നത്. ഉപരോധം നിലവിൽ വന്ന ആദ്യ 24 മണിക്കൂറിനുള്ളിൽ ഒരു കപ്പലിനും യുഎസ് തടസ്സം മറികടക്കാൻ കഴിഞ്ഞില്ല. യുഎസ് സെൻട്രൽ കമാൻഡിന്റെ നിർദ്ദേശപ്രകാരം ആറ് കപ്പലുകൾ ഇറാനിയൻ തുറമുഖങ്ങളിലേക്ക് തന്നെ തിരിച്ചുപോയി. യുഎസ് ഡിസ്‌ട്രോയറുകൾ കടലിടുക്കിൽ കനത്ത ജാഗ്രത തുടരുകയാണ്.

ചൈനീസ് ഉടമസ്ഥതയിലുള്ള ‘റിച്ച് സ്റ്റാറി’ എന്ന ടാങ്കറാണ് ഉപരോധത്തിൽ കുടുങ്ങിയ പ്രധാന കപ്പലുകളിലൊന്ന്. യുഎഇയിൽ നിന്ന് കയറ്റിയ 2,50,000 ബാരൽ മെഥനോളുമായി നീങ്ങിയ ഈ കപ്പലിനെ യുഎസ് സേന തടയുകയായിരുന്നു. ഇതിനു പുറമെ ഒമാനിലെ ചബഹാർ തുറമുഖത്ത് നിന്ന് പുറപ്പെടാൻ ശ്രമിച്ച രണ്ട് ഓയിൽ ടാങ്കറുകളെയും യുഎസ് ഡിസ്‌ട്രോയർ തടഞ്ഞു. നേരത്തെ തന്നെ യുഎസ് ഉപരോധപ്പട്ടികയിലുള്ള ഷാങ്ഹായ് സുന്റൺ ഷിപ്പിംഗ് കമ്പനിയുടെതാണ് റിച്ച് സ്റ്റാറി.

അതേസമയം, ഉപരോധപ്പട്ടികയിലുള്ള ‘അലീഷ്യ’ എന്ന കൂറ്റൻ ടാങ്കർ ഇന്ന് കടലിടുക്ക് വഴി ഗൾഫിലേക്ക് പ്രവേശിക്കുന്നുണ്ട്. 20 ലക്ഷം ബാരൽ എണ്ണ വഹിക്കാൻ ശേഷിയുള്ള ഈ കപ്പൽ ഇറാഖിൽ നിന്ന് ചരക്ക് കയറ്റാനാണ് പോകുന്നത്. ഇറാൻ തുറമുഖത്തേക്കല്ല എന്നതിനാൽ ഈ കപ്പലിന് തടസ്സമുണ്ടാകില്ലെന്നാണ് സൂചന. യുദ്ധത്തിന് മുമ്പ് പ്രതിദിനം 130-ലധികം കപ്പലുകൾ കടന്നുപോയിരുന്ന ഈ ജലപാത ഇപ്പോൾ ഏതാണ്ട് നിശ്ചലമായ അവസ്ഥയിലാണ്.

Related Articles

Latest Articles