Thursday, October 1, 2026

ലാലേട്ടന്റെ വിഷുക്കൈനീട്ടം ‘അതിമനോഹരം’! ; തരുൺ മൂർത്തി ചിത്രത്തിൻ്റെ ഫസ്റ്റ് പോസ്റ്റർ പുറത്ത്

മലയാള സിനിമാപ്രേമികൾക്കും മോഹൻലാൽ ആരാധകർക്കും ആവേശം പകർന്ന് ലാലേട്ടന്റെ വിഷുക്കൈനീട്ടം. തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന L366 എന്ന് താൽക്കാലികമായി പേരിട്ടിരുന്ന ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. ‘അതിമനോഹരം’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വിഷുദിനത്തിൽ രാവിലെ പത്തേ പത്തിന് സോഷ്യൽ മീഡിയയിലൂടെയാണ് താരം ഈ വമ്പൻ പ്രഖ്യാപനം നടത്തിയത്.

ശബരിമലയ്ക്ക് പോകുന്ന സ്വാമിമാർക്കിടയിൽ പോലീസ് യൂണിഫോമിൽ നിൽക്കുന്ന മോഹൻലാലിന്റെ മാസ് ലുക്കാണ് പോസ്റ്ററിലുള്ളത്. ടി.എസ്. ലൗ ലാജൻ എന്ന പോലീസുകാരനായാണ് താരം ചിത്രത്തിൽ വേഷമിടുന്നത്. ലാലേട്ടന്റെ വ്യത്യസ്തമായ ഗെറ്റപ്പും പോസ്റ്ററിലെ നിഗൂഢതയും ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ടാണ് പോസ്റ്റർ വൈറലായത്.

തരുൺ മൂർത്തിയും മോഹൻലാലും ഒന്നിച്ച സൂപ്പർഹിറ്റ് ചിത്രം ‘തുടരും’ എന്ന സിനിമയ്ക്ക് ശേഷം ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് ‘അതിമനോഹരം’. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ആദ്യ മോഹൻലാൽ ചിത്രം കൂടിയാണിത്. ഏറെ നാളുകൾക്ക് ശേഷം ലാലേട്ടൻ ഒരു സാധാരണക്കാരനായ പോലീസുകാരനായി എത്തുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

രതീഷ് രവിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ലാലേട്ടന്റെ നിരവധി സൂപ്പർഹിറ്റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. ജേക്സ് ബിജോയ് സംഗീതവും വിവേക് ഹർഷൻ എഡിറ്റിംഗും നിർവഹിക്കുന്നു. ബിനു പപ്പു സഹസംവിധായകനാകുന്ന ചിത്രത്തിൽ ഗോകുൽദാസ് (ആർട്ട്), മഷാർ ഹംസ (കോസ്റ്റ്യൂം), റോണക്സ് സേവ്യർ (മേക്കപ്പ്) എന്നിങ്ങനെ പ്രമുഖരുടെ ഒരു നിര തന്നെ അണിയറയിലുണ്ട്.

Related Articles

Latest Articles