Sunday, September 20, 2026

രാജിവയ്ക്കരുതെന്ന ആവശ്യവുമായി മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ തടഞ്ഞ് അണികൾ; മണിപ്പൂർ രാഷ്‌ട്രപതി ഭരണത്തിലേക്കോ ?

ഇംഫാൽ : മണിപ്പുരിൽ അയവില്ലാതെ സംഘർഷം തുടരുന്നതിനിടെ ഗവർണറെ കാണാൻ എത്തിയ മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ അനുയായികൾ തടഞ്ഞു. അദ്ദേഹം രാജിസന്നദ്ധത അറിയിക്കാനാണ് ഗവർണറെ കാണുന്നതെന്നു വാർത്തകൾ വ്യാപകമായി പ്രചരിച്ചതോടെയാണ് സ്ത്രീകളടക്കമുള്ള അണികൾ രാജിവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് ബിരേൻ സിങ്ങിനെ തടഞ്ഞത്. രാജിവയ്ക്കില്ലെന്ന് അണികളോട് ബിരേൻ സിങ് പറഞ്ഞതായാണ് ഒടുവിൽ പുറത്തുവരുന്ന വിവരം. അതിനിടെ മണിപ്പുരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്. ഇംഫാലിൽ നാളെ പുലർച്ചെ വരെ കർഫ്യൂ ഏർപ്പെടുത്തി.

അതേസമയം ബിരേൻ സിങ്ങിന്റെ രാജി ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് കുക്കി വിഭാഗം. മെയ്തെയ് ഗോത്രത്തിന്റെ നിലപാടിലും സ്ഥിതി മറ്റൊന്നല്ല. കുകി, നാഗ എന്നിവയടക്കമുള്ള ഗോത്ര വിഭാഗങ്ങളും മെയ്തെയ് വിഭാഗവും തമ്മിലാണ് മണിപ്പൂരിൽ സംഘർഷമുണ്ടായത് . മെയ്തെയ് വിഭാഗത്തിനു പട്ടികവർഗ പദവി നൽകാനുള്ള നീക്കത്തിനെതിരെ ഗോത്ര വിഭാഗങ്ങൾ നടത്തിയ പ്രതിഷേധമാണ് പിന്നീട് സംഘർഷമായി വളർന്നത്.

മണിപ്പുരിലെ ഏറ്റവും വലിയ ജനവിഭാഗമായ മെയ്തെയ് ജനസംഖ്യയുടെ 64% വരും. മ്യാൻമറിൽ നിന്നു കുടിയേറിയ കുകികൾ, മണിപ്പുരിലെ മലനിരകളിൽ വാസമുറപ്പിക്കുകയായിരുന്നു. താഴ്വരയിലാണ് മെയ്തെയ് വിഭാഗക്കാർ താമസിക്കുന്നത്. ഭൂരിപക്ഷമായ തങ്ങൾക്കു 10% സ്ഥലം മാത്രമുള്ളപ്പോൾ,ന്യൂനപക്ഷമായ ഗോത്ര വിഭാഗക്കാർ മറ്റു ഭൂപ്രദേശങ്ങൾ കയ്യടക്കിവച്ചിരിക്കുകയാണെന്നാണ് മെയ്തെയ് വിഭാഗത്തിന്റെ പരാതി

Related Articles

Latest Articles