Saturday, May 18, 2024
spot_img

ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി ; നാണംകെട്ട് മുട്ടുമടക്കി സ്റ്റാലിൻ സർക്കാർ !

ആര്‍എസ്എസ് പഥസഞ്ചലനങ്ങള്‍ക്ക് അനുമതി നല്കാന്‍ നിര്‍ദേശിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരേ, സുപ്രീം കോടതിയെ സമീപിച്ച എം.കെ. സ്റ്റാലിന്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി. സംസ്ഥാനത്ത് റൂട്ട് മാര്‍ച്ചുകള്‍ നടത്താന്‍ ആര്‍എസ്എസിന് അനുവാദമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചിന്റേതാണ് നിർണായക വിധി. പഥസഞ്ചലനം തടയാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടതോടെ, ഗത്യന്തരമില്ലാതെയാണ് സ്റ്റാലിൻ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ അവിടെയും നാണം കേട്ട് മുട്ടുമടക്കിയിരിക്കുകയാണ് സ്റ്റാലിൻ സർക്കാർ. ജില്ലയില്‍ ഒരു പഥസഞ്ചലനം മാത്രമേ പാടുള്ളൂ എന്ന നിലപാട് തമിഴ്‌നാട് കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ പോലീസ് അംഗീകരിച്ച റൂട്ടില്‍ മാത്രമാണ് പഥസഞ്ചലനം എന്ന വ്യവസ്ഥ ആര്‍എസ്എസ് ഹൈക്കോടതിയില്‍ അറിയിച്ചതാണെന്നും ഇത്തരം നിയന്ത്രണങ്ങള്‍ പാടില്ലെന്നും സുപ്രീം കോടതിയും വ്യക്തമാക്കി.

ഇതോടെ നവംബര്‍ 19നോ 26നോ പഥസഞ്ചലനം നടത്താമെന്ന് തമിഴ്‌നാട് സര്‍ക്കാരും പോലീസും സുപ്രീം കോടതിയെ അറിയിച്ചിരിക്കുകയാണ്. മൂന്ന് ദിവസത്തിനകം പഥസഞ്ചലനത്തിന്റെ റൂട്ടടക്കം സംസ്ഥാന സര്‍ക്കാരിന് ആര്‍എസ്എസ് നല്കും. ആർ എസ് എസിന്റെ മറുപടി അനുസരിച്ച്, റൂട്ടുകളിന്മേൽ തീരുമാനം അറിയിക്കാൻ നവംബർ 16 വരെ സുപ്രീം കോടതി സർക്കാരിനും അധികൃതർക്കും സമയം അനുവദിച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് പഥസഞ്ചലനം നടത്താൻ ആർ എസ് എസിന് അനുമതി നൽകി കൊണ്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ഉത്സവ സീസൺ കണക്കിലെടുത്ത് റൂട്ട് മാർച്ചിന് അനുമതി നൽകാനാവില്ലെന്നാണ് തമിഴ്‌നാട് സർക്കാർ വാദിച്ചത്. എന്നാൽ ഈ വാദം സുപ്രീംകോടതി മുഖവിലയ്‌ക്കെടുത്തില്ല. മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, ശബരീഷ് സുബ്രഹ്മണ്യൻ അടക്കമുള്ള അഭിഭാഷകരെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ ആര്‍എസ്എസിനെതിരേ സുപ്രീം കോടതിയില്‍ നിരത്തിയത്. പഥസഞ്ചലനം ,ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കും എന്ന സർക്കാരിന്റെ വാദങ്ങൾ കോടതികൾ തള്ളിക്കളയുകയായിരുന്നു.

കഴിഞ്ഞ വര്‍ഷവും തമിഴ്നാട്ടില്‍ ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. 75-ാം സ്വാതന്ത്ര്യദിനഘോഷം, ബി.ആര്‍. അംബേദ്ക്കറുടെ ജന്മശതാബ്ദി, വിജയദശമി എന്നിവ പ്രമാണിച്ച് 51 കേന്ദ്രങ്ങളില്‍ റൂട്ട് മാര്‍ച്ചും പൊതുസമ്മേളനവും നടത്താനാണ് ആര്‍.എസ്.എസ് നിശ്ചയിച്ചിരുന്നത്. പിന്നീട് കോടതിയിൽ നിന്ന് അനുമതി നേടിയ ശേഷമാണ് തമിഴ്നാട്ടില്‍ റൂട്ട് മാര്‍ച്ച് നടന്നത്. സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം വർഷവും ആർഎസ്എസ് പഥസഞ്ചലനത്തിനു അനുമതി നിഷേധിച്ചതിനെ തുടർന്ന് ഒരു കൂട്ടം ഹർജികൾ മദ്രാസ് ഹൈക്കോടതിയിൽ എത്തിയിരുന്നു. 2022 ഏപ്രിൽ മാസത്തിൽ സുപ്രീം കോടതിയുടെ അനുമതിയോടെ സംസ്ഥാനത്തുടനീളം 45 സ്ഥലങ്ങളിലാണ് ആർഎസ്എസ് പഥസഞ്ചലനങ്ങൾ സംഘടിപ്പിച്ചത്. എന്തായാലും ഇപ്പോൾ പുറത്തുവന്നിരിക്കുന്ന സുപ്രീം കോടതിയുടെ ഉത്തരവ് സ്റ്റാലിൻ നയിക്കുന്ന ഡി.എം.കെ സർക്കാരിനേറ്റ കനത്ത തിരിച്ചടിയായായാണ് പൊതുവെ വിലയിരുത്തുന്നത്.

Related Articles

Latest Articles