Monday, November 2, 2026

രാവിലെ 6 മുതൽ 12 വരെ പെട്രോള്‍ പമ്പ് സമരംഇന്ന് ഉച്ച വരെ സംസ്ഥാനത്ത് പെട്രോൾ പമ്പുകൾ അടച്ചിടും!

കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളുംഇന്ന് ഉച്ച വരെ അടച്ചിടും.രാവിലെ ആറുമുതല്‍ 12 വരെ അടച്ചിടുമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്‌സ്. പെട്രോളിയം ഡീലര്‍മാരും ടാങ്കര്‍ ഡ്രൈവര്‍മാരും തമ്മിലുള്ള തര്‍ക്കത്തിന്റെ പേരിലാണ് സമരം. തര്‍ക്കം പരിഹരിച്ചെങ്കിലും സമരം തുടരാന്‍ ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്സ് തീരുമാനിച്ചിട്ടുണ്ട്. അതേസമയം ഇന്നത്തെ സമരത്തില്‍ നിന്നും ആറ് താലൂക്കുകളെ ഒഴിവാക്കിയിട്ടുണ്ട്. റാന്നി, കോന്നി, കോഴഞ്ചേരി, അടൂര്‍, ചെങ്ങന്നൂര്‍, എരുമേലി, താലൂക്കുകളെ ആണ് ഒഴിവാക്കിയത്.

പെട്രോളിയം ഡീലര്‍മാരും ടാങ്കര്‍ ഡ്രൈവര്‍മാരും തമ്മില്‍ കുറച്ചുദിവസമായി തര്‍ക്കം തുടര്‍ന്നുവരികയായിരുന്നു. ‘ചായ പൈസ’ എന്ന് വിളിക്കുന്ന തുകയുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. പെട്രോള്‍ പമ്പില്‍ ഇന്ധനമെത്തിക്കുന്ന ടാങ്കര്‍ ഡ്രൈവര്‍മാര്‍ക്ക് ചായ പൈസ എന്ന പേരില്‍ 300 രൂപ ഡീലര്‍മാര്‍ നല്‍കിവരുന്നുണ്ട്. ഈ തുക വര്‍ധിപ്പിക്കണമെന്ന് ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ആവശ്യം ഡീലര്‍മാര്‍ നിഷേധിച്ചു.ഇതോടെയാണ് തര്‍ക്കം രൂക്ഷമായത്. ഇതിനിടെ എലത്തൂര്‍ എച്ച് പി സി എല്‍ ഡിപ്പോയില്‍ ചര്‍ച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്സ് ഭാരവാഹികളെ ടാങ്കര്‍ ഡ്രൈവര്‍മാര്‍ കൈയ്യേറ്റം ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്സ് പെട്രോള്‍ പമ്പ് അടച്ചിട്ടുള്ള സമരത്തിന് ആഹ്വാനം ചെയ്തത്.

Related Articles

Latest Articles