ലഹരി ഇടപാടുകാരെ അറിയില്ലെന്ന നിലപാടിൽ ഉറച്ചു നിന്ന ഷൈൻ ടോം ചാക്കോയ്ക്ക് ഒടുവിൽ തിരുത്തി പറയേണ്ടി വന്നത് ഫോണ്വിളി വിവരങ്ങളും സന്ദേശങ്ങളും ഉള്പ്പെടെയുള്ള തെളിവുകൾ നിരത്തി പോലീസ് ചോദ്യങ്ങൾ ഉന്നയിച്ചതോടെ. ലഹരി ഇടപാടുകാരനായ സജീറുമായി ഷൈന് ടോം ചാക്കോ ഗൂഗിള് പേ വഴി സാമ്പത്തിക ഇടപാടുകള് നടത്തിയതിന്റെയും ആശയവിനിമയം നടത്തിയതിന്റെയും തെളിവുകളാണ് പോലീസ് കണ്ടെത്തിയത്. ഇത് മുന്നോട്ട് വച്ചതോടെ നടന് പിടിച്ചുനില്ക്കാനായില്ല. ലഹരി ഇടപാടുകാരൻ സജീറിനെ പരിചയമുണ്ടെന്ന് നടന് സമ്മതിച്ചു.
പോലീസിന്റെ ഡാന്സാഫ് ടീം പരിശോധനയ്ക്കെത്തിയപ്പോഴാണ് ഷൈന് ടോം ചാക്കോ കഴിഞ്ഞദിവസം കൊച്ചിയിലെ ഹോട്ടല്മുറിയില്നിന്ന് ചാടിയോടി രക്ഷപ്പെട്ടത്. ലഹരി ഇടപാടുകാരനായ സജീറിനെ അന്വേഷിച്ചാണ് പോലീസ് ഹോട്ടലിലെത്തിയിരുന്നത്. സംഭവദിവസം രാവിലെ ഒരു ഓട്ടോറിക്ഷയിലാണ് ഷൈന് ടോം ചാക്കോ ഹോട്ടലിലെത്തിയത്. ഇതിനുപിന്നാലെ തൃശ്ശൂര് സ്വദേശിനിയായ ഒരു യുവതി ഹോട്ടല്മുറിയിലെത്തി. രാത്രി ഏഴുമണി വരെ ഇവര് ഹോട്ടല്മുറിയിലുണ്ടായിരുന്നു. ഇതിനുശേഷം രണ്ടുപേര് കൂടി ഹോട്ടല്മുറിയില് വന്നുപോയതായും പോലീസ് അന്വേഷണത്തില് കണ്ടെത്തിയിരുന്നു.
അതേസമയം, ഷൈന് താമസിച്ചിരുന്ന മുറിയില് പോലീസ് പരിശോധനയ്ക്കെത്തിയപ്പോള് മലപ്പുറം സ്വദേശിയായ ഒരാള് മാത്രമാണുണ്ടായിരുന്നത്. തുടര്ന്ന് മുറി വിശദമായി പരിശോധിച്ചെങ്കിലും ലഹരിവസ്തുക്കളൊന്നും കണ്ടെടുക്കാനായില്ല. കൊച്ചിയില് നിന്ന് രക്ഷപ്പെട്ടശേഷം ഷൈന് ടോം ചാക്കോ തമിഴ്നാട്ടിലേക്കാണ് കടന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടര്ന്നാണ് പോലീസ് നോട്ടീസ് ലഭിച്ചതിന് പിന്നാലെ ശനിയാഴ്ച രാവിലെ നടന് ചോദ്യംചെയ്യലിന് ഹാജരായത്.
ഷൈന് ടോം ചാക്കോയ്ക്കെതിരേ ലഹരി ഉപയോഗത്തിനും ലഹരി ഉപയോഗത്തിന് പ്രേരിപ്പിച്ചതിനും ഉള്പ്പെടെയുള്ള കുറ്റങ്ങളാണ് നിലവിൽ ചുമത്തിയിരിക്കുന്നത്. നടന് ലഹരി ഉപയോഗിച്ചതിന് തെളിവ് കണ്ടെത്താനായി പോലീസ് വൈദ്യപരിശോധന നടത്തുന്നുണ്ട്. ഇതിനായി നടന്റെ രക്തം, നഖം, തലമുടി എന്നിവയുടെ സാമ്പിള് ശേഖരിക്കും.

