ലോകസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കേരളത്തില്‍ നേരിട്ട പരാജയം പ്രതീക്ഷിച്ചതല്ലായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഔദ്യോഗിക പത്രക്കുറിപ്പിലൂടെയാണ് പാര്‍ട്ടി നേരിട്ട വന്‍ പരാജയത്തെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചത്. പരാജയത്തിനിടയാക്കിയ കാരണങ്ങള്‍ വിശദമായി പരിശോധിക്കുമെന്നും പിണറായി വ്യക്തമാക്കി.
കേരളത്തില്‍ ലോകസഭാ തെരഞ്ഞെടുപ്പുകളില്‍ കേന്ദ്രം ഭരിക്കുന്ന കക്ഷിക്കെതിരായിട്ടുള്ള വികാരം പ്രതിഫലിക്കാറുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രം ഭരിക്കുന്ന കക്ഷികള്‍ക്കെതിരായുള്ള വിധിയെഴുത്തും സംസ്ഥാനത്ത് ഉണ്ടാവാറുണ്ട്. കോണ്‍ഗ്രസ്സിനെതിരെയും ഇത്തരത്തിലുള്ള ജനവിധി ലോകസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്.
കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെതിരായുള്ള ശക്തമായ വികാരം സംസ്ഥാനത്ത് തെരഞ്ഞെടുപ്പിലുടനീളം ഉയര്‍ത്തിയെടുക്കാന്‍ കാരണം എല്‍ഡിഎഫിന്‍റെ പ്രചരണങ്ങളും ഇടപെടലുകളുമാണ് അതിന്‍റെ ഫലമായാണ് കേരളത്തിലെ ബിജെപിക്കെതിരായ ജനവിധി. ബിജെപിക്ക് കേരളത്തില്‍ സീറ്റൊന്നും ലഭിക്കാത്ത സാഹചര്യം രൂപപ്പെടാന്‍ ഇടയാക്കിയത് എല്‍ഡിഎഫിന്‍റെ ഈ രാഷ്ട്രീയ നിലപാടുകളാണ്.
ബിജെപി സര്‍ക്കാരിനെതിരായുള്ള കേരള ജനതയുടെ എതിര്‍പ്പ് കോണ്‍ഗ്രസ്സിന് അനുകൂലമായി മാറുന്ന സ്ഥിതിയാണ് കേരളത്തില്‍ ഉണ്ടായത്. ബിജെപിക്കെതിരായുള്ള വികാരം കോണ്‍ഗ്രസ്സിന് അനുകൂലമായി മാറിയതിന്റെ കാരണങ്ങളെക്കുറിച്ചും വിശദമായി വിലയിരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

