തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്തുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വാടക വസതിയിൽ വെച്ചാണ് ഇഡി ഉദ്യോഗസ്ഥർ വീണയുടെ മൊഴി രേഖപ്പെടുത്തുന്നത് എന്നാണ് വിവരം. എക്സാലോജിക് – സിഎംആർഎൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) രജിസ്റ്റർ ചെയ്ത കേസിലാണ് നിർണ്ണായക നടപടി. പിണറായിയെയും ഉടൻ ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്.
രാവിലെ മുതൽ വസതിയിൽ തുടരുന്ന കേന്ദ്ര അന്വേഷണ ഏജൻസിയുടെ ഉന്നത ഉദ്യോഗസ്ഥർ, എക്സാലോജിക് കമ്പനിക്ക് സിഎംആർഎല്ലിൽ നിന്ന് ലഭിച്ച പണത്തിന്റെ സ്രോതസ്സും അതുമായി ബന്ധപ്പെട്ട കരാറുകളും മുൻനിർത്തിയാണ് വീണയെ ചോദ്യം ചെയ്യൽ നടത്തുന്നത്. സിഎംആർഎൽ അധികൃതർ നൽകിയ ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയതിന് പിന്നാലെ, ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇഡി നേരിട്ടുള്ള മൊഴിയെടുപ്പിലേക്ക് കടന്നതെന്നാണ് സൂചനകൾ. സംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു മുതിർന്ന രാഷ്ട്രീയ നേതാവിന്റെ വസതിയിൽ ഇത്രയും നാടകീയമായ രീതിയിൽ ഇഡി ചോദ്യം ചെയ്യൽ നടക്കുന്നത്. വരും മണിക്കൂറുകളിൽ ഈ കേസിൽ കൂടുതൽ നിർണ്ണായക വിവരങ്ങൾ പുറത്തുവരുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.

