തിരുവനന്തപുരം: സ്വര്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ സ്പേസ് പാര്ക്കിലെ നിയമനം തന്റെ അറിവോടെയല്ലായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിവാദങ്ങള് ഉണ്ടായപ്പോള് മാത്രമാണ് താന് സ്വപ്നയുടെ നിയമനത്തെപ്പറ്റി അറിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റിന്റെ കുറ്റപത്രത്തിലെ പരാമര്ശങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.
‘വിവരങ്ങള് പുറത്തുവന്നശേഷമാണ് ഞാന് അറിയുന്നത്. അത്തരം നിയമനത്തിനു മുഖ്യമന്ത്രിയുടെ അനുമതി ആവശ്യമില്ല. വിവാദത്തിനുശേഷമാണ് ഞാന് അറിഞ്ഞതെന്നു നേരത്തെ വ്യക്തമാക്കിയതാണ്’- മുഖ്യമന്ത്രി പറഞ്ഞു. അവരുടെ മൊഴിയില് കാര്യങ്ങള് വ്യക്തമാണ്. തന്നെ അറിയുമെന്ന് സ്വപ്ന ഉറപ്പിച്ചുപറയുകയല്ല ചെയ്തിട്ടുള്ളത്. മുഖ്യമന്ത്രിയോടു പറയും എന്ന് ഇവരോട് പറഞ്ഞിരുന്നു എന്നാണ് മൊഴി. ആ ഭാഗം കാണാതിരിക്കരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്ത്തു.

