Sunday, January 11, 2026

അക്രമങ്ങള്‍ അഴിച്ചുവിടുന്നത് കെ എസ് യു; വിമർശനത്തിന് അതിര് വേണം; എസ് എഫ് ഐയെ ന്യായീകരിച്ച്‌ പിണറായി

തിരുവനന്തപുരം: ലാ കോളേജ് വിഷയത്തില്‍ എസ്‌എഫ്‌ഐയെ (SFI) നിയമസഭയില്‍ ന്യായീകരിച്ച്‌ മുഖ്യമന്ത്രി. പ്രബലമായ ഒരു വിദ്യാർഥി സംഘടനയെ ആക്ഷേപിക്കുന്നതിന് അതിര് വേണമെന്നും എസ്.എഫ് ഐയെ ന്യായീകരിച്ച് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയുടെ ന്യായികരണം ഗുണ്ടകൾക്ക് അഴിഞ്ഞാടാനുള്ള ലൈസൻസാണെന്നും സതീശൻ വിമർശിച്ചു.

തിരുവനന്തപുരം ഗവ. ലോ കോളജ് സംഘർഷത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. മ്യൂസിയം പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. ഇരു വിദ്യാര്‍ത്ഥി സംഘടനകളിലും പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. സംഭവുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളുടെ മൊഴി ശേഖരിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വളരെ ഗുരുതര സ്വഭാവമുള്ള വിഷയമായി സംഭവത്തെ സഭയില്‍ അവതരിപ്പിച്ച പ്രതിപക്ഷ നേതാവ് പോലീസിനെയും നിശിതമായി വിമര്‍ശിച്ചു. സംഭവത്തില്‍ പ്രതികരിച്ച പ്രതിപക്ഷ നേതാവ് ഉറഞ്ഞു തുള്ളുന്ന കെ എസ് യുക്കാരനെ പോലെ പെരുമാറുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.

തിരുവനന്തപുരം ലോ കോളജിൽ ഇന്നലെ രാത്രി എട്ട് മണിയോട് കൂടിയാണ് എസ്എഫ്ഐ-കെഎസ്‌യു സംഘർഷമുണ്ടായത്. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് അടക്കമുള്ളവർക്ക് പരിക്കേറ്റു. യൂണിയൻ ഉദ്ഘാടനവുമായി ബന്ധപ്പെട്ട പ്രശ്നമാണ് സംഘർഷത്തിൽ കലാശിച്ചത്.

Related Articles

Latest Articles