Friday, November 20, 2026

“റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടില്ല”; പതിനായിരങ്ങളെ പെരുവഴിയിലാക്കി പിണറായി

തിരുവനന്തപുരം: പി.എസ്.സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി. ഓഗസ്റ്റ് നാലിന് കാലാവധി തീരുന്ന 493 പി.എസ്.സി റാങ്ക് പട്ടികളുടെ കാലാവധി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് സമരരംഗത്തുള്ള ഉദ്യോഗാർത്ഥികളുടെ ആവശ്യം പൂർണ്ണമായും തള്ളിയിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. കാലാവധി തീരും മുന്‍പ് പരമാവധി നിയമനം നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റാങ്ക് പട്ടികയുടെ കാലാവധി നീട്ടാന്‍ കഴിയില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ വാദം. ഇതിനാവശ്യമായ സത്വര നടപടികള്‍ സര്‍ക്കാരും നിയമനാധികാരികളും പബ്ലിക്‌ സര്‍വ്വീസ് കമ്മീഷനും സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ തങ്ങളുടെ ആവശ്യം സര്‍ക്കാര്‍ നിഷ്‌കരുണം തള്ളിയ സാഹചര്യത്തില്‍ ശക്തമായ സമരവുമായി മുന്നോട്ടു പോകാനാണ് റാങ്ക് ഹോള്‍ഡര്‍മാർ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഇക്കാര്യം നിയമസഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. പതിനായിരക്കണക്കിന് ഉദ്യോഗാർത്ഥികളാണ് ഓഗസ്റ്റ് നാലിന്‌ കാലാവധി തീരുന്ന റാങ്ക് പട്ടികയിലൂടെ പുറത്താകുന്നത്. റദ്ദാക്കുന്ന റാങ്ക് പട്ടികകള്‍ക്ക് പകരം പട്ടിക നിലവിലില്ലാത്തതിനാലും പുതിയ പട്ടിക തയ്യാറാക്കാന്‍ മാസങ്ങളെടുക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ റാങ്ക് പട്ടികള്‍ ആറുമാസത്തേക്കു കൂടി നീട്ടണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം.

ഇക്കാര്യം ആവശ്യപ്പെട്ട് നിരവധി റാങ്ക് ഹോള്‍ഡര്‍മാര്‍ സമര രംഗത്താണ്. ആറുമാസത്തേക്ക് നീട്ടാന്‍ കഴിയില്ലെങ്കില്‍ പുതിയ റാങ്ക് പട്ടിക നിലവില്‍ വരുന്നതുവരെയെങ്കിലും നീട്ടണമെന്നാണ് ആവശ്യം. റദ്ദാകുന്ന റാങ്ക് പട്ടികകളിലെ നാലിലൊന്ന് പേര്‍ക്കു പോലും നിയമനം ലഭിച്ചിട്ടില്ലെന്നാണ് റാങ്ക് ഹോള്‍ഡര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles