Thursday, April 25, 2024
spot_img

അഞ്ച് വൃക്ഷത്തൈ എങ്കിലും നട്ടാല്‍ അറസ്റ്റ് വാറണ്ട് റദ്ദാക്കാം: ബലാല്‍സംഗക്കേസ് പ്രതിയോട് കോടതി

ഗാസിയാബാദ്: അറസ്റ്റ് വാറണ്ട് റദ്ദാക്കുന്നതിന് അത്യപൂര്‍വ വ്യവസ്ഥ മൂന്നോട്ടുവച്ച് ഗാസിയാബാദിലെ ഫാസ്റ്റ് ട്രാക്ക് കോടതി. അഞ്ച് വൃക്ഷത്തൈകളെങ്കിലും നട്ടുപിടിപ്പിച്ചാല്‍ അറസ്റ്റ് വാറണ്ട് റദ്ദാക്കാമെന്ന് കോടതി വ്യക്തമാക്കി. തട്ടിക്കൊണ്ടുപോകല്‍, ബലാല്‍സംഗം തുടങ്ങിയ കേസുകളില്‍ പ്രതിയായ രാജു എന്ന കല്ലുവിന്റെ മുന്നിലാണ് കോടതി ഈ വ്യവസ്ഥവച്ചത്.

നാലുവര്‍ഷം മുമ്പ് വിചാരണ തുടങ്ങിയ കേസില്‍ കഴിഞ്ഞ ആറുമാസമായി രാജു കോടതിയില്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് കല്ലുവിനെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. എന്നാല്‍, ഈ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രാജു കോടതിയില്‍ അഭിഭാഷകന്‍ മുഖേനെ അപേക്ഷ നല്‍കി.

തുടര്‍ന്നാണ് വൃക്ഷത്തൈ നടാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്. പ്രതി തൈ നട്ടുവെന്ന് ഉറപ്പുവരുത്തണമെന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചതിന് ശേഷം കോടതിയില്‍ ഹാജരാകാതിരുന്നതിന്റെ കാരണം വ്യക്തമാക്കി സത്യവാങ്മൂലം നല്‍കണമെന്നും കോടതി രാജുവിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Related Articles

Latest Articles