Sunday, May 5, 2024
spot_img

പ്ലസ് ടു കെമിസ്ട്രി മൂല്യനിര്‍ണയത്തിലെ പ്രതിസന്ധി ശക്തമായി തുടരുന്നു; ഇന്നും ക്യാമ്പ് ബഹിഷ്‌കരിച്ച്‌ അദ്ധ്യാപകര്‍

തിരുവനന്തപുരം: പ്ലസ് ടു കെമിസ്ട്രി മൂല്യനിര്‍ണയത്തിലെ പ്രതിസന്ധി തുടരുന്നു . മൂല്യ നിര്‍ണ്ണയത്തിന്റെ അവസാന ദിവസമായ ഇന്നും അധ്യാപകര്‍ ക്യാമ്പ് ബഹിഷ്കരിച്ചിരിക്കുകയാണ്. ബോധപൂര്‍വ്വം പ്രശ്‌നം വഷളാക്കാന്‍ അധ്യാപകര്‍ ശ്രമിക്കുന്നുവെന്നും ഉത്തര സൂചിക മാറ്റില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി വ്യക്തമാക്കി.

വിദ്യാഭ്യാസവകുപ്പും അധ്യാപകരും ഉറച്ച നിലപാടില്‍ തുടരുന്നതോടെ പ്ലസ് ടു കെമിസ്ട്രി മൂല്യനിര്‍ണയം പ്രതിസന്ധിയിലാണ്. കഴിഞ്ഞ രണ്ട് ദിവസമായി വിവിധ ജില്ലകളിലെ ക്യാമ്പുകള്‍ അധ്യാപകര്‍ ബഹിഷ്‌കരിച്ചിരുന്നു. അധ്യാപകര്‍ ക്യാമ്പില്‍ എത്തിയില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്ന് കാണിച്ച്‌ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. ഉത്തര സൂചികയില്‍ അപാകതയില്ലെന്നും പുന:പരിശോധനയുടെ ആവശ്യമില്ലെന്നുമാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി പ്രതികരിച്ചിരിക്കുന്നത്.

അധ്യാപകരും വിദഗ്ധരും ചേര്‍ന്ന് തയ്യാറാക്കുന്ന ഫൈനലൈസേഷന്‍ സ്‌കീമിനെ ആശ്രയിച്ചാണ് സാധാരണ ഹയര്‍ സെക്കന്ററി മൂല്യനിര്‍ണയം നടത്താറുള്ളത്. അത് അവഗണിച്ച്‌ കൊണ്ടുള്ള ഉത്തര സൂചികയാണ് അധ്യാപകര്‍ക്ക് ഇത്തവണ നല്‍കിയത്. ഇത് വിദ്യാര്‍ത്ഥികളുടെ ഭാവിക്ക് ഗുണകരമല്ലെന്ന് അധ്യാപകര്‍ പറയുന്നു.

ഒന്‍പത് ദിവസമായിരുന്നു കെമിസ്ട്രി മൂല്യനിര്‍ണയത്തിനായി നിശ്ചയിച്ചിരുന്നത്. അധ്യാപകരുടെ പ്രതിഷേധം നീണ്ടുപോവുന്നത് ഫലപ്രഖ്യാപനത്തെ ബാധിക്കും.

Related Articles

Latest Articles