ദില്ലി: ചരിത്രനേട്ടം സ്വന്തമാക്കിയതിൽ പ്രധാന പങ്കുവഹിച്ച ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി. 82ാമത് മൻകി ബാത്തിലായിരുന്നു (Mann Ki Baat) പ്രധാനമന്ത്രിയുടെ പരാമർശം. 100 കോടി വാക്സിൻ ഡോസ് എന്ന അഭിമാന മുഹൂർത്തത്തെ പരാമർശിച്ചായിരുന്നു പ്രധാനമന്ത്രി മൻ കി ബാത്ത് ആരംഭിച്ചത്.
രാജ്യത്തിന് കോടി നമസ്ക്കാരമെന്ന് പ്രധാനമന്ത്രി (PM Modi) പറഞ്ഞു. രാജ്യം പുതു ഊർജത്തിൽ മുന്നേറുകയാണെന്നും മോദി പറഞ്ഞു. വാക്സിൻ ദൗത്യത്തിന്റെ വിജയം രാജ്യത്തിന്റെ ശേഷിയെ അടയാളപ്പെടുത്തുന്നതാണ്. ആരോഗ്യപ്രവർത്തകർക്ക് അഭിനന്ദനവും പ്രധാനമന്ത്രി അറിയിച്ചു.
ആരോഗ്യപ്രവർത്തകർ അവരുടെ കഠിനപ്രയത്നത്തിലൂടെ പുതുചരിത്രം സൃഷ്ടിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. അതോടൊപ്പം രാജ്യത്തിന്റെ ഐക്യം വിളംബരം ചെയ്യുന്ന എന്തെങ്കിലും പ്രവർത്തികളിൽ ഏർപ്പെടണമെന്നും, അത് രാജ്യത്തോടുള്ള ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പാരിപാടിയാണ് മൻ കി ബാത്ത്. എല്ലാ മാസവും അവസാനത്തെ ഞായറാഴ്ച്ചയാണ് മൻ കി ബാത്ത് നടക്കുക. എന്നാൽ ഇക്കുറി മൻ കി ബാത്തിലേക്കുളള ആശയങ്ങൾ സമർപ്പിക്കാൻ പ്രധാനമന്ത്രി നേരത്തെ അഭ്യർത്ഥിച്ചിരുന്നു. നമോ ആപ്ലിക്കേഷനിലൂടെയും മൈ ഗവൺമെന്റ് ആപ്പിലൂടെയും 1800 -11-7800 എന്ന നമ്പറിൽ വിളിച്ചും ജനങ്ങൾക്ക് തങ്ങളുടെ ആശയങ്ങൾ പങ്കുവെയ്ക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 81ാം മത് മൻ കി ബാത്തിൽ ഇന്ത്യൻ സംസ്കാരത്തിൽ മഴവെള്ള സംഭരണത്തിന്റെ പ്രാധാന്യവും പരമ്പരാഗത ഉത്സവമായ ജൽ-ജീലാനി ഏകാദശിയുടെയും ദേശീയ ജല മിഷന്റെ ക്യാച്ച് ദി റെയിൻ ക്യാംപെയ്ൻ എന്നിവയെക്കുറിച്ചാണ് ചർച്ച ചെയ്തത്.

