Monday, May 20, 2024
spot_img

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യൂറോപ്യന്‍ പര്യടനം ഇന്നവസാനിക്കും; ഫ്രഞ്ച് പ്രസിഡന്റുമായി ഇന്ന് ചര്‍ച്ച

പാരീസ്: പ്രധാനമന്ത്രി മോദിയുടെ യൂറോപ്യൻ പര്യടനം ഇന്നവസാനിക്കും. ഫ്രാന്‍സിലെത്തി പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണുമായി മോദി ചര്‍ച്ച നടത്തും. കൂടുതല്‍ മേഖലകളില്‍ ഉഭയകക്ഷി സഹകരണം ഉറപ്പിക്കാനാകും ചര്‍ച്ച. യുക്രെയ്ന്‍ വിഷയവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. പ്രശ്നം പരിഹരിക്കാന്‍ റഷ്യയും യുക്രെയ്നും സന്നദ്ധത കാട്ടണമെന്ന് പ്രധാനമന്ത്രി ഇന്നലെ ആവശ്യം ഉന്നയിച്ചതായിരുന്നു.

ഉഭയകക്ഷി ചര്‍ച്ചയിലൂടെ യുക്രെയ്ന്‍ വിഷയം പരിഹരിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. കോപ്പന്‍ ഹേഗനില്‍ ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റി ഫ്രെഡറിക് സണുമായി നടത്തിയ കൂടിക്കാഴ്ചയിലും യുക്രെയ്ന്‍ വിഷയം ചർച്ചയായതാണ്. റഷ്യയും യുക്രെയ്നും ചര്‍ച്ചക്ക് തയ്യാറായാല്‍ മാത്രമേ പ്രതിസന്ധി പരിഹരിക്കാനാകൂയെന്ന് മോദി ചൂണ്ടിക്കാട്ടുകയും ചെയ്തു.

പ്രശ്നം അവസാനിപ്പിക്കാന്‍ റഷ്യയുടെ മേല്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തണമെന്ന് കൂടിക്കാഴ്ചയില്‍ ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. ഊര്‍ജ്ജം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ഡെന്‍മാര്‍ക്കുമായി കൂടുതല്‍ സഹകരണം ഉറപ്പിക്കാനായെന്ന് മോദി പറഞ്ഞു.

അതേ സമയം ഇന്ത്യക്കായി പരമ്പരാഗത അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്ന പദ്ധതിയില്‍ നിന്ന് പിന്മാറുകയാണെന്ന് ഫ്രാന്‍സ് അറിയിച്ചിട്ടുണ്ട്. ഉഭയകക്ഷി സഹകരണത്തില്‍ നിര്‍ണ്ണായകമാകുമായിരുന്ന പദ്ധതിയുടെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിക്കാന്‍ കഴിയാത്തതിനാലാണ് പിന്മാറുന്നതെന്നാണ് ഫ്രാന്‍സിന്‍റെ വിശദീകരണം.

Related Articles

Latest Articles