Friday, May 3, 2024
spot_img

തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും; ആനന്ദ ലഹരിയിൽ പൂരപ്രേമികൾ

തൃശൂർ: മഹാമാരിക്ക് ശേഷമുള്ള പൂരത്തിന് ഇന്ന് കൊടിയേറും. പാറമേക്കാവിലും തിരുവമ്പാടിയിലും എട്ട് ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കുന്നത്. തിരുവമ്പാടി വിഭാഗത്തിന്റെ കൊടിയേറ്റ് 10.40നും 10.55നും ഇടയിൽ നടക്കും. ഘടകക്ഷേത്രങ്ങളിൽ രാവിലെ എട്ട് മുതൽ രാത്രി ഏഴര വരെ വിവിധ സമയങ്ങളിലായി കൊടിയേറും.

പാറമേക്കാവിൽ രാവിലെ 9നും 10.30നും ഇടയിലാണ് കൊടിയേറ്റം. പതിവിലും നേരത്തെയാണിത്. കൊടിയേറ്റത്തിന് ശേഷം പാറമേക്കാവ് ക്ഷേത്രത്തിന് മുമ്പിലെ പാലമരത്തിലും മണികണ്ഠനാലിലെ ദേശപന്തലിലും സിംഹമുദ്രയുള്ള മഞ്ഞക്കൊടി ഉയർത്തും. തുടർന്ന് ഗജവീരന്മാരുടെ അകമ്പടിയോടെ എഴുന്നള്ളിപ്പും ഭഗവതിക്ക് ആറാട്ടും നടത്തും.

മഹാമാരി മൂലം ചടങ്ങുകൾ മാത്രമായി നടന്നിരുന്ന പൂരം രണ്ട് വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ശക്തൻ തമ്പുരാൻ വിഭാവനം ചെയ്ത അതേരീതിയിൽ എല്ലാവിധ ചടങ്ങുകളോടും കൂടെ നടക്കാൻ പോകുന്നത്. മെയ് 9നാണ് പൂരവിളംബര ചടങ്ങ്. തെക്കേ ഗോപുരവാതിൽ തള്ളിത്തുറന്ന് നെയ്തലക്കാവ് ഭഗവതി എഴുന്നള്ളുന്നതോട് കൂടിയാണ് പൂരവിളംബര ചടങ്ങുകൾക്ക് തുടക്കമാകുന്നത്. മെയ് 11-നാണ് ഉപചാരം ചൊല്ലിപിരിയുന്ന ചടങ്ങ് നടക്കുക. അതിനിടെ സാമ്പിൾ വെടിക്കെട്ടും പ്രധാന വെടിക്കെട്ടും ഉണ്ടാകും.

രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം തൃശൂർ പൂരം കെങ്കേമമാകുമ്പോൾ 40 ശതമാനത്തോളം അധികം ആളുകൾ പൂരനഗരിയിലേക്ക് എത്തിയേക്കാമെന്നാണ് റിപ്പോർട്ടുകൾ. മുൻ വർഷങ്ങളിൽ ഏകദേശം പത്ത് ലക്ഷത്തോളം പേർ തൃശൂർ പൂരം കൂടാൻ എത്തിയിരുന്നു.

Related Articles

Latest Articles