Thursday, May 16, 2024
spot_img

ജി-20 ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉജ്ജ്വല സ്വീകരണം നൽകി ഇന്തോനേഷ്യ, വിശ്രമമില്ലാതെ 45 മണിക്കൂറിനുള്ളിൽ പങ്കെടുക്കുന്നത് 20 യോഗങ്ങളിൽ

ബാലി: ജി-20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്തോനേഷ്യയിലെത്തി. ബാലി വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയ്‌ക്ക് ഉജ്ജ്വല സ്വീകരണമായിരുന്നു. ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രി രാജ്യത്തെത്തിയത്. തനത് വേഷത്തിലെത്തിയ ഇന്തോനേഷ്യക്കാർ ആടിയും പാടിയുമായിരുന്നു പ്രധാനമന്ത്രിയെ സ്വീകരിച്ചത്.

45 മണിക്കൂർ നീളുന്ന സന്ദർശനത്തിനിടെ അദ്ദേഹം 20 യോഗങ്ങളിൽ പങ്കെടുക്കുകയും 10 ലധികം ലോകനേതാക്കളുമായി സംവദിക്കുകയും ചെയ്യും. ലോക സമ്പദ്‌വ്യവസ്ഥ, ഊർജം, പരിസ്ഥിതി, കൃഷി, ആരോഗ്യം തുടങ്ങിയവയെക്കുറിച്ചും ലോക രാഷ്‌ട്രീയ സ്ഥിതിഗതികളെ കുറിച്ചും ചർച്ച നടത്തും.

ബ്രീട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്,ഫ്രാൻസിന്റെ പ്രധാനമന്ത്രി ഇമാനുവൽ മക്രോൺ, ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ, സുരിനാം പ്രസിഡന്റ്,യുഎസ് പ്രസിഡന്റ് ജോ ബൈഡൻ,തുടങ്ങിയ പ്രമുഖരുമായാണ് പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തുന്നത്.

തുടർന്ന് ഇന്തോനേഷ്യയിൽ താമസിക്കുന്ന ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കും. ജി-20 ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ പ്രധാനമന്ത്രി ജി-20 ഗ്രൂപ്പിന്റെ അദ്ധ്യക്ഷനായി ചുമതലയേൽക്കും. ഡിസംബർ 1 മുതലാണ് ഇന്ത്യ അദ്ധ്യക്ഷത വഹിക്കുക. അടുത്തവർഷം ഇന്ത്യയിൽ നടക്കുന്ന ജി 20 സമ്മേളനത്തിന് നേതാക്കളെ ക്ഷണിക്കുന്നതും പ്രധാനമന്ത്രിയുടെ സന്ദർശന അജണ്ടയിലുണ്ട്. വസുധൈവ കുടുംബകം എന്നതാണ് ഇന്ത്യയുടെ ജി 20 സമ്മേളനത്തിന്റെ മുഖ്യ ആശയം.

Related Articles

Latest Articles