Saturday, June 15, 2024
spot_img

ദുബായ് എക്സ്പോ 2020ന് വർണാഭമായ തുടക്കം; എക്സ്പോയിലെ ഇന്ത്യൻ പവലിയന്റെ ചിത്രങ്ങൾ പ്രകാശനം പങ്കുവച്ച് പ്രധാനമന്ത്രി മോദി; ചിത്രങ്ങൾ വൈറൽ

വിസ്മയക്കാഴ്ചകളുമായി ദുബായ് എക്സ്പോ 2020ന് (Dubai Expo 2020) തുടക്കമായിയിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി പ്രാദേശികസമയം എട്ടുമണിക്ക് വർണ വിസ്മയങ്ങളൊരുക്കിയ വേദിയിലാണ് ഔദ്യോഗികമായി മേളയ്ക്ക് തുടക്കമായത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേന ഉപസര്‍വ സൈന്യാധിപനുമായ ഷേയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ദുബായ് കിരീടാവകാശി ഷേയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

അതേസമയം കഴിഞ്ഞദിവസം ദുബായ് എക്സ്പോ 2020 ൽ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയൽ ഉദ്ഘാടനം ചെയ്ത ഇന്ത്യ പവലിയന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തു. ട്വിറ്ററിലാണ് പ്രധാനമന്ത്രി ചിത്രങ്ങൾ പങ്കുവച്ചത്.

ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് അദ്ദേഹം കുറിച്ചതിങ്ങനെ:

“ഈ എക്‌സ്‌പോയിലെ ഏറ്റവും വലിയ പവലിയനുകളിലൊന്നിലാണ് ഇന്ത്യ പങ്കെടുക്കുന്നത്. കൂടുതൽ അവസരം, കൂടുതൽ സുതാര്യത, കൂടുതൽ വളർച്ച പവലിയന്റെ ഇത്തവണത്തെ പ്രമേയം. ഭാരതത്തെ കൂടുതൽ അടുത്തറിയാൻ പവലിയൻ സന്ദർശിക്കൂ” എന്നാണ് പ്രധാനമന്ത്രി കുറിച്ചിരിക്കുന്നത്.

ദുബൈ ഒരുക്കുന്ന വിസ്മയത്തെക്കുറിച്ച് അറിയേണ്ടതെല്ലാം…

നിരവധി പ്രത്യേകതകള്‍ നിറഞ്ഞതാണ് ഇത്തവണത്തെ എക്‌സ്‌പോ. മധ്യപൂര്‍വ്വ ദേശത്തേക്ക് ആദ്യമായെത്തിയ എക്‌സ്‌പോയാണിത്. മഹാമേളയ്ക്ക് ദുബൈ വേദിയാകുന്നതും ഇതാദ്യം. 192 രാജ്യങ്ങളുടെ പവലിയനുകളും പ്രതിദിനം 60 ലൈവ് ഇവന്റുകളും ഇരൂനൂറിലധികം ഭക്ഷണ ഔട്ട്‍ലെറ്റുകളുമാണ് എക്സ്പോ നഗരിയില്‍ ഒരുങ്ങുന്നത്. രാജ്യാന്തര എക്‌സ്‌പോകള്‍ക്ക് നേതൃത്വം നല്‍കുന്ന ബ്യൂറോ ഓഫ് ഇന്റര്‍നാഷണല്‍ എക്‌സ്‌പൊസിഷന്‍സിലെ 167 അംഗരാഷ്ട്രങ്ങളുടെ വോട്ടെടുപ്പിലൂടെ 2013 നവംബര്‍ 27നാണ് എക്‌സ്‌പോ 2020ന്റെ വേദിയായി ദുബൈയെ തെരഞ്ഞെടുത്തത്.

വലിയ ആഘോഷത്തോടെയാണ് ദുബൈ ഈ തീരുമാനത്തെ വരവേറ്റത്. 2020ല്‍ നടക്കേണ്ട എക്‌സ്‌പോ കൊവിഡിന്റെ വരവോടെ ഒരു വര്‍ഷം നീട്ടി വെക്കുകയായിരുന്നു. മഹാമാരിയെ അതിജീവിച്ച്, ചിട്ടയായ തയ്യാറെടുപ്പുകളിലൂടെ സ്വപ്‌ന നഗരി ഒടുവില്‍ എക്‌സ്‌പോയ്്ക്ക് ഒരുങ്ങി. ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴുമാണ് വേള്‍ഡ് എക്‌സ്‌പോ സംഘടിപ്പിക്കുക. രാജ്യാന്തര എക്‌സ്‌പോയുടെ 34-ാം പതിപ്പിനാണ് ഒക്ടോബര്‍ ഒന്നുമുതല്‍ ആരംഭിച്ചിരിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെ 192 രാജ്യങ്ങളില്‍ നിന്നുള്ള രണ്ടര കോടി സന്ദര്‍ശകരെയാണ് ആറുമാസക്കാലയളവില്‍ എക്‌സ്‌പോയില്‍ പ്രതീക്ഷിക്കുന്നത്. 192 രാജ്യങ്ങളുടെ പവലിയനുകളും പ്രതിദിനം 60 ലൈവ് ഇവന്റുകളും ഇരൂനൂറിലധികം ഭക്ഷണ ഔട്ട്‍ലെറ്റുകളുമാണ് എക്സ്പോ നഗരിയില്‍ ഒരുങ്ങുന്നത്.

Related Articles

Latest Articles