Sunday, May 19, 2024
spot_img

“ഭാരതമെന്തെന്ന് ലോകത്തിനു മുന്നിൽ തലയുയർത്തിപ്പിടിച്ച് പറഞ്ഞ മഹാവീരനാണ് സ്വാമി വിവേകാനന്ദൻ”; സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി

ദില്ലി: സ്വാമി വിവേകാനന്ദന്റെ ചിക്കാഗോയിലെ ഗർജ്ജനത്തിന് ഇന്ന് 128 വയസ്സ് തികയുകയാണ്. സ്വാമി വിവേകാനന്ദൻ എന്ന യുവസന്യാസി അന്നുവരെ പശ്ചാത്യസമൂഹം ധരിച്ചുവച്ച എല്ലാ ധാരണകളേയും ഒരൊറ്റ പ്രസംഗത്തിലൂടെയാണ് ചിക്കാഗോയിൽ മാറ്റിമറിച്ചത്. 1983 സെപ്തംബർ 11നാണ് ചിക്കാഗോയിൽ സ്വാമിവിവേകാനന്ദന് ഏതാനും നിമിഷങ്ങൾ മാത്രം സംസാരിക്കാൻ അവസരം ലഭിച്ചത്. ഭാരതമെന്തെന്ന് ലോകവേദിയിലെ പണ്ഡിതസദസ്സിന് മുന്നിൽ തലയുയർത്തിപ്പിടിച്ച് നടത്തിയ ആ ഗർജ്ജനത്തെ അനുസ്മരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും.

ഭാരതീയ സംസ്‌കാരത്തിന്റെ സവിശേഷതയാണ് സ്വാമി വിവേകാനന്ദൻ ചിക്കാഗോ പ്രസംഗത്തിലൂടെ ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ചത്. അദ്ദേഹത്തിന്റെ പ്രസംഗത്തിന് ലോകത്തെ ഒന്നിപ്പിക്കാനുള്ള വിശാലവും ഐശ്വര്യവും നിറഞ്ഞ കരുത്തുണ്ടായെന്നും പ്രധാനമന്ത്രി പറഞ്ഞു. ചിക്കാഗോയിൽ സ്വാമിവിവേകാന്ദൻ നടത്തിയ പ്രസംഗം ലോകമനുഷ്യസമൂഹത്തിന് അറിവിന്റെ വെളിച്ചം പകർന്നു. അതോടൊപ്പം സാമൂഹ്യപരിഷ്‌കർത്താവ് വിനോബാ ഭാവയേയും പ്രധാനമന്ത്രി അനുസ്മരിച്ചു.

പ്രധാനമന്ത്രിയുടെ ട്വീറ്റ് ഇങ്ങനെ

“ഇന്ന് സെപ്തംബർ 11ന് ഇന്ത്യ രണ്ടു നാഴികക്കല്ലുകളാണ് പിന്നിട്ടത്. ഭാരതീയ സംസ്‌ക്കാരത്തിന്റെ സവിശേഷതയാണ് സ്വാമിവിവേകാനന്ദൻ ചിക്കാഗോ പ്രസംഗത്തിലൂടെ ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ചത്. ഭൂദാനത്തിലൂടെ ഇന്ത്യൻ സമൂഹത്തിന് സേവനത്തിന്റെ പാത തുറന്ന മഹാവ്യക്തിത്വമായിരുന്നു വിനോബാ ഭാവ’യെന്നും, താങ്കളെ എങ്ങനെയാണ് പ്രശംസിക്കേണ്ടതെന്ന് എനിക്കറിയില്ല. താങ്കളുടെ കരുണയും, സ്വഭാവ നൈർമ്മല്യതയും, ആത്മപരിശോധനാ ക്ഷമതയും എന്നെ അത്ഭുതപ്പെടുത്തുന്നു. താങ്കളുടെ ഔന്നത്യത്തെ അളക്കാൻ മാത്രം ഞാനാളല്ല.’ പ്രധാനമന്ത്രി ട്വീറ്റിൽ പറഞ്ഞു.

1893ലെ ചിക്കാഗോ പ്രസംഗത്തിന്റെ 128-ാം വാർഷികവും 1895ൽ ജനിച്ച വിനോബാ ഭാവേയുടെ 126-ാം ജന്മവാർഷികവുമാണിന്ന് ആചരിക്കപ്പെടുന്നത്. ലോകത്തിന് ഭാരതത്തിന്റെ സവിശേഷതകളും വേദാന്ത തത്വവും സ്വാമിവിവേകാനന്ദൻ പകർന്നു നൽകിയത് ചിക്കാഗോ മതമഹാസമ്മേളനത്തിലായിരുന്നു.

വിവേകാനന്ദന്റെ ചിക്കാഗോയിലെ ഗർജ്ജനം

ലോകമതമഹാസമ്മേളനത്തെക്കുറിച്ച് കേട്ടറിഞ്ഞ് ഒന്ന് പോയിവരാം എന്നുമാത്രം കരുതിയ നരേന്ദ്രനെന്ന, സ്വാമിവിവേകാന്ദൻ പശ്ചാത്യന്റെ എല്ലാ മതാധിപത്യ അഹങ്കാരത്തിന്റേയും പത്തിയാണ് തന്റെ കൃത്യമായ വാക്ശരങ്ങളാൽ താഴ്‌ത്തിയത്. മിനിറ്റുകളോളം നീണ്ട കയ്യടിയിലൂടെ ആ സദസ്സിൽ കണ്ടത് വിവേകാനന്ദ ദർശനങ്ങളുടെ സ്വീകാര്യതയുടെ ആദ്യ നിമിഷങ്ങളായിരുന്നു. അമേരിക്കയിലെ എന്റെ “സഹോദരീ സഹോദരന്മാരേ…” എന്ന ഒറ്റ അഭിസംബോധനകൊണ്ട് ആ സദസ്സിന്റെ ഹൃദയത്തിലേക്ക് തന്നെയാണ് സ്വാമി വിവേകാന്ദൻ കാലെടുത്തുവെച്ചത്. വിവേകവാണികൾ പിന്നീട് ലോകം ഏറെ ആദരവോടേയും സ്‌നേഹത്തോടേയും തികഞ്ഞ അത്ഭുതത്തോടേയുമാണ് കേട്ടിരുന്നത്. ഹൈന്ദവധർമ്മം ഉദ്‌ഘോഷിക്കുന്ന ത്യാഗം, സേവനം, കുടുംബസങ്കല്പം, സ്‌നേഹം എന്നിവയെക്കുറിച്ചും വേദസാരാംശങ്ങളുടെ വിശാലതയും വിശദീകരിച്ച സ്വാമി വിവേകാനന്ദനെ അതിഥിയായി ലഭിക്കാൻ പിന്നീട് പാശ്ചാത്യ ലോകത്തെ പണ്ഡിത സദസ്സുകൾ മത്സരിക്കുകയായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്.

Related Articles

Latest Articles