Friday, May 10, 2024
spot_img

“വന്ദേ വിവേകാനന്ദം” ലോകം കേട്ട ഇന്ത്യയുടെ ശബ്ദം | ARUN KEEZHMADAM FACEBOOK POST

ജൂലൈ നാലിനോട് ….

“ഒരു സത്പുത്രനായി കാശിയിലെ വീരേശ്വരനോട് പ്രാർത്ഥിച്ചപ്പോൾ, ഭഗവാൻ അദ്ദേഹത്തിന്റെ ഭൂതഗണത്തിൽ നിന്ന് ഒരുവനെ എനിക്ക് പുത്രനായി നൽകി.”

അടങ്ങിയിരിക്കാൻ കഴിയാത്ത ഊർജ്ജവുമായി ഓടി നടന്നിരുന്ന തന്റെ പുത്രൻ നരേന്ദ്രനെ പറ്റി ഭുവനേശ്വരി ദേവി ഇങ്ങനെയാണ് പറഞ്ഞിരുന്നത്.

ചിതറിയ ചിന്തകളുമായി , ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി അലഞ്ഞു നടന്ന യൗവനം , ആ അലച്ചിൽ നിന്നത് ദക്ഷിണശ്വരത്ത് വെച്ചാണ്.

“നിങ്ങൾ ദൈവത്തെ കണ്ടിട്ടുണ്ടോ ?”

ദൈവത്തിന്റെ പ്രേമത്തെ പറ്റി, മതത്തെ പറ്റി പാടി നടന്നവരോട് ഈ ചോദ്യം ചോദിക്കുമ്പോൾ അവർ മൗനിയാവുന്നു. എന്നാലും നരേന്ദ്രൻ ചോദ്യം ചെയ്യൽ നിർത്തിയില്ല, ചോദിച്ചു കൊണ്ടേ ഇരുന്നു.

ആയിടക്കാണ് ദക്ഷിണേശ്വരത്ത് ജീവിച്ചിരുന്ന ഒരു ഭ്രാന്തൻ പൂജാരിയെ പറ്റി കേൾക്കുന്നത്. ഏതാണ്ട് മുഴുവൻ സമയവും സമാധിസ്ഥൻ. ഷെല്ലിയുടെ കവിത പഠിപ്പിക്കുമ്പോൾ പ്രൊഫസറും അദ്ദേഹത്തെ പറ്റി പറഞ്ഞിരുന്നു.

അദ്ദേഹത്തേയും തേടി പോയി ചോദിച്ചു ,
ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു ,

” ഞാൻ നിന്നെ കാണുന്ന പോലെ കണ്ടിട്ടുണ്ട് “

ഉത്തരം കേട്ട് നരേന്ദ്രന് വിശ്വസിക്കാൻ സാധിച്ചില്ല. ആ വൃദ്ധൻ വീണ്ടും ചേർത്ത് നിർത്തി ചോദിച്ചു,

” നീ എന്തേ വരാൻ വൈകി ? ഈ സാധാരണ മനുഷ്യരുടെ വാക്കുകൾ കേട്ട് എന്റെ ചെവികൾ പൊട്ടുന്നു”

ഇദ്ദേഹം ഒരു ഭ്രാന്തനല്ല ,നരേന്ദ്രൻ പതിയെ തിരിച്ചറിയുന്നു. ഗുരുദേവനാവട്ടെ ആ തൃപാദം നരേന്ദ്രന്റെ നെഞ്ചിൽ വെച്ചു. അതാ തെളിയുന്നു വിശ്വരൂപം, സമസ്ത ഭുവനവും നിറയുന്ന ചിന്മയ സ്വരൂപം,ആദിയും അന്തവുമില്ലാത്ത ഭഗവത് വിഭൂതി,അനേക മന്വന്തരങ്ങളിൽ അവതരിച്ചു ലീലയാടി പോയത് എല്ലാം കാണുന്നു.

മനസ്സ് ഇവിടെ എത്തിയ ഏതോ ഒരു നിമിഷത്തിൽ, വിശ്വരൂപം കണ്ട് അർജ്ജുനൻ ഭഗവാനോട് മതിയെന്ന് പറഞ്ഞത് പോലെ നരേന്ദ്രൻ പറഞ്ഞു ,

” മതിയേ , എനിക്ക് മാതാപിതാക്കളുണ്ട് “

അന്ന് ഓടിയകന്നു എങ്കിലും , ആ അനുഭവം നരേന്ദ്രനെ മാറ്റി.താൻ രാമകൃഷ്ണ സന്നിധിയിൽ അനുഭവിച്ചതാണ് പരമാനന്ദം, വാക്കുകൾ കൊണ്ട് വിവരിക്കാൻ സാധിക്കാത്ത പരമാനന്ദം. അവിടെ ചിന്തയില്ല, ഭയമില്ല,ഈ വിശ്വം മുഴുവൻ നിറഞ്ഞു നിൽക്കുന്നത് എന്തോ , അത് താൻ തന്നെയാണ്.

വീണ്ടും നരേന്ദ്രൻ രാമകൃഷ്ണ സന്നിധിയിലേക്ക് പോയി. വീണ്ടും ആ അനുഭവം വേണം , അപ്പോൾ ഗുരുദേവൻ ചിരിച്ചു കൊണ്ട് ചോദിച്ചു,

“നീയല്ലേ പറഞ്ഞത് നിനക്ക് മാതാപിതാക്കളുണ്ട് എന്ന് ? “

നരേന്ദ്രൻ തന്നെ തേടി വരുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.ആ കൂടിക്കാഴ്ചകൾക്കിടയിലെ ദൈർഘ്യം പതിയെ കുറഞ്ഞു വന്നു. ഒടുവിൽ നരേന്ദ്രന് ഗുരുചരണം വിട്ട് മാറാൻ സാധിക്കാത്ത നില വന്നു. രാമകൃഷ്ണ ദേവനാവട്ടെ നരേന്ദ്രനാരാണ് എന്ന് വ്യക്തമായി അറിയാമായിരുന്നു.

വംഗനാട് മുഴുവൻ പ്രസിദ്ധി നേടിയ ബ്രഹ്മസമാജത്തിന്റെ നേതാവ് കേശവ ചന്ദ്രനും വിജയനും ഒക്കെ ഗുരുദേവന്റെ അടുത്തിരിക്കുമ്പോൾ അദ്ദേഹം അവരെ നോക്കി ശിഷ്യരോട് പറഞ്ഞു ,

“കേശവനേയും വിജയനേയും നോക്കൂ, ജ്ഞാനത്തിന്റ ഒരു മെഴുക്കുത്തിരി നാളം എനിക്കവിടെ കാണാൻ സാധിക്കുന്നു. ആത്മീയമായ ഒരു കല. “

എന്നിട്ട് നരേന്ദ്രന് നേരെ തിരിഞ്ഞു ,

“എന്നാൽ എന്റെ നരേന്ദ്രനെ നോക്കുമ്പോൾ അത്തരത്തിൽ പതിനെട്ട് കലകൾ ഒന്നിച്ചു ചേർന്നതായാണ് കാണുന്നത്. അവിടെ കാണുന്നത് ജ്ഞാനത്തിന്റെ ഒരു സൂര്യോധയം തന്നെയാണ്”

എന്ത് കൊണ്ടാണ് പ്രസിദ്ധനായ കേശവചന്ദ്രനും മുകളിൽ ഗുരുദേവൻ,നരേന്ദ്രനെ പ്രതിഷ്ഠിച്ചത് എന്ന് മറ്റുള്ളവർ അത്ഭുതത്തോടെ ചിന്തിച്ചു.

എന്നാൽ രാമകൃഷ്ണ ദേവൻ നിസംശയം പറഞ്ഞിരുന്നു ,

“നരേന്ദ്രൻ നിത്യസിദ്ധനാണ് , ഒന്നും പഠിക്കാൻ വന്നവനല്ല ,പഠിപ്പിക്കാൻ വന്നവനാണ്, അത് ഞാൻ പോയാൽ നിങ്ങൾ അറിയും. അവന്റെ സ്വരൂപം ജഗദംബ അവനിൽ നിന്ന് ഒളിച്ചു വച്ചിരിക്കുന്നു , അത് അവൻ തിരിച്ചറിയുന്ന ദിവസം അവൻ ഇവിടെ നിന്ന് പോവും, അധികം നാൾ അവന് ഈ ശരീരത്തിൽ തുടരാൻ സാധിക്കില്ല”

കച്ചവടക്കാരായ ഭക്തന്മാർ പരമഹംസരെ കാണാൻ വരുമ്പോൾ നിരവധി പലഹാരങ്ങൾ കൊണ്ട് വരുമായിരുന്നു, രാമകൃഷ്ണ ദേവൻ അതിലേക്ക് ഒന്ന് നോക്കുക പോലും ഇല്ലായിരുന്നു , ശിഷ്യന്മാരോടും അത് എടുക്കരുത് എന്ന് പറയും. അദ്ദേഹം പറയാറുണ്ട് , “ഈ കച്ചവടക്കാർ വലിയ ആഗ്രഹങ്ങൾ ഉള്ളവരാണ്, രണ്ട് തൂക്കം പലഹാരത്തിന് ആയിരം കാര്യങ്ങൾ നടക്കാനായി പ്രാർത്ഥിക്കുന്നവർ , ഞാൻ ഇവരുടെ ഒക്കെ കാര്യസാധ്യത്തിന് വേണ്ടി പൂജ നടത്തുന്നവനാണോ?”

പലപ്പോഴും ഈ പലഹാരങ്ങൾ നരേന്ദ്രന്റെ വീട്ടിൽ കൊണ്ട് പോയി കൊടുക്കാൻ അദ്ദേഹം ശിഷ്യരോട് നിർദ്ദേശിക്കാറുണ്ടായിരുന്നു . അതിനെ രാമകൃഷ്ണ ദേവൻ പറയാറുണ്ട്,
“നരേന്ദ്രൻ ഇതിനൊക്കെ അതീതനാണ് , ഈ വക കാര്യങ്ങൾക്ക് ഒന്നും അയാളെ വീഴ്ത്താൻ സാധിക്കില്ല “

ഒരിക്കൽ പുറത്ത് നിന്ന് എന്തോ മാംസം കഴിച്ചു കൊണ്ട് രാമകൃഷ്ണ ദേവന്റെ അടുത്ത് നരേന്ദ്രൻ വന്നു, നരേനെ അടുത്തേക്ക് രാമകൃഷ്ണ ദേവൻ വിളിച്ചപ്പോൾ നരേന്ദ്രൻ പറഞ്ഞു ,
” ഗുരുദേവ ഞാൻ നിഷിദ്ധമായത് ഭക്ഷിച്ചിരിക്കുന്നു ,എനിക്ക് അങ്ങയുടെ അടുത്തേക്ക് വരാൻ സാധിക്കില്ല “

രാമകൃഷ്ണ ദേവൻ നരേന്ദ്രനെ അടുത്തേക്ക് ചേർത്ത് പറഞ്ഞു ,
” നീ ഗോ മാംസം കഴിച്ചാൽ പോലും അശുദ്ധനാവില്ല.നിനക്ക് നിഷിദ്ധമായത് എന്താണ് ഉള്ളത് ? “

ആ കാലത്ത് നരേന്ദ്രന് ഇടക്ക് ഒന്നോ രണ്ടോ നാൾ കാണാൻ വന്നില്ല എങ്കിൽ ഗുരുദേവൻ പഞ്ചവടിയിലെ മരച്ചുവട്ടിൽ നിന്ന് നരേന്ദ്രന് എന്തേ വന്നില്ല എന്ന് വ്യാകുലപ്പെട്ടു നിൽക്കുമായിരുന്നു.

രാമകൃഷ്ണ പരാമഹംസരെ സേവിച്ചു കൊണ്ട് നരേന്ദ്രന് ഒപ്പം നിന്നത് വെറും നാല് വർഷം മാത്രമാണ് , ഇതിൽ ഒരു വർഷം ഗുരുദേവൻ ഏകദേശം പൂർണ്ണമായും രോഗഗ്രസ്ഥനായിരുന്നു. അദ്ദേഹം നരേന്ദ്രനെ അടുത്തിരുത്തി വലിയ ശാസ്ത്ര ഗ്രന്ഥങ്ങൾ ഒന്നും പഠിപ്പിച്ചിരുന്നില്ല , പകരം അജ്ഞാനത്തിന്റെ മൂടുപടം മാറ്റി, സനാതനമായ തന്റെ അസ്തിത്വം നരേന്ദ്രന് ബോധ്യപ്പെടുത്തി നൽകി. എന്നിട്ട് ശിഷ്യരോട് പറഞ്ഞു ,

“ഞാൻ നിർത്തിയിടത്ത് നിന്നും നരേന്ദ്രൻ തുടങ്ങുമെന്ന്”

കാശീപുരോദ്യാനത്തിൽ വെച്ച് ഭഗവാൻ ശ്രീ രാമകൃഷ്ണ പരമഹംസദേവൻ ശരീര ത്യാഗം ചെയ്ത നിമിഷം നരേന്ദ്രനിലൂടെ പുതിയ ഒരു ദൗത്യം ആരംഭിക്കുകയായിരുന്നു.

വരാഹനഗരത്തിലെ ഒരു പാതി തകർന്ന കെട്ടിടത്തിൽ ശ്രീ രാമകൃഷ്ണന്റെ അന്തരംഗ ശിഷ്യന്മാർ ഒത്തുകൂടി , രാമകൃഷ്ണദേവന്റെ ദൗത്യം പൂർത്തിയാക്കാൻ, ഭാരതത്തെ ഉണർത്താൻ പോവുന്ന ശിവന്റെ ഭൂതഗണങ്ങളാണ് തങ്ങൾ എന്ന് അവർ അഗ്നിസാക്ഷിയായി സങ്കല്പം ചെയ്തു,ത്യാഗത്തിന്റെ അടയാളമായി കാവി വസ്ത്രം ധരിച്ചു , വിരജാ ഹോമത്തിന്റെ അഗ്നികുണ്ഡത്തിൽ നരേന്ദ്രൻ എന്ന നാമം എരിഞ്ഞടങ്ങി. വിവിദിഷാനന്ദൻ എന്നായിരുന്നു പുതിയ പേര്.

അദ്ദേഹം പിന്തിരിഞ്ഞു നോക്കാതെ ഏകനായി നടന്നു, വഴിയിൽ എല്ലാം ഉപേക്ഷിച്ചു, പേരും പെരുമയും, അഭിമാനവും ലജ്ജയും അങ്ങനെ എല്ലാം.

സാധാരണ മഹാത്മാക്കൾ ഉത്തരദേശത്തിലേക്കാണ് പരിക്രമണം നടത്തുക, എന്നാൽ ഭാരതത്തിന്റെ നഷ്ടപ്പെട്ട പ്രതാപത്തെ വീണ്ടെടുക്കാൻ , നട്ടെല്ല് നേരെയാക്കാൻ, ദക്ഷിണ ദേശത്തേക്ക് പോവണം എന്ന് സ്വാമി തീരുമാനിച്ചു.

ഹിമഗിരിയിൽ നിന്ന് ഗംഗ താഴോട്ട് ഒഴുകുന്ന പോലെ സ്വാമി ദിനരാത്രങ്ങൾ പരിവ്രാജകനായി ദക്ഷിണ ദേശത്തെ ലക്ഷ്യമാക്കി അലഞ്ഞു നടന്നു.ആ യാത്രയിൽ കുടിലിലും കൊട്ടാരത്തിലും ഒരേ പോലെ കിടന്നുറങ്ങി, അടിമയുടെയും അരചന്റെയും ആതിഥ്യം സ്വീകരിച്ചു. മതത്തിന്റെ ആയിരം തിന്മയും , അവശേഷിക്കുന്ന നന്മയും തൊട്ടറിഞ്ഞു. വഴിയിൽ എവിടെ നിന്നോ വിവിദിഷാനന്ദൻ എന്ന പേരും കൊഴിഞ്ഞു പോയി, വിവേകാനന്ദനായി.

ഒടുവിൽ ഭാരതമാതാവിന്റെ തൃപ്പാദമായ കന്യാകുമാരിയിലെ ശ്രീപാദപ്പാറയിൽ ധ്യാന നിമഗ്നനായിരുന്നു. വഴിയിൽ കണ്ട ജീർണതക്ക് എന്താണ് പ്രതിവിധി എന്ന് ആരാഞ്ഞു.ഭാരതത്തിന്റെ ആത്മാവ് നശിപ്പിക്കാൻ ശ്രമിക്കുന്ന , അവന്റെ ആത്മാഭിമാനം തകർക്കുന്ന പാശ്ചാത്യ കുതന്ത്രത്തെ അവരുടെ നാട്ടിൽ ചെന്ന് ചോദ്യം ചെയ്യാൻ അവിടുന്ന് തീരുമാനിച്ചു.

വിശ്വ മത മഹാസമ്മേളനം എന്നായിരുന്നു പരിപാടിയുടെ പേര്, എന്നാൽ ക്രിസ്റ്റഫർ കൊളമ്പസ് അമേരിക്ക ആക്രമിച്ച് അവിടുത്തെ പ്രാദേശിക ഗോത്രങ്ങളെ കീഴടക്കി പള്ളിമതം സ്ഥാപിച്ചതിന്റെ നാന്നൂറാം വാർഷികമായിരുന്നു അന്ന് ചിക്കാഗോവിൽ വെച്ചു നടന്നത്. ഭൂമിയിലുള്ള സകല മനുഷ്യരേയും , അവരെല്ലാം തന്നെ സംസ്കാര ശൂന്യരാണ് എന്ന് അവർക്കുള്ളിൽ ബോധമുണ്ടാക്കി , അടിമചുകം തലച്ചോറിൽ വെച്ചിറക്കി അവനെ എന്നും അടിമയാക്കി നിർത്താൻ വെള്ളക്കാരൻ കണ്ട മാർഗ്ഗം. മതങ്ങളുടെ ആ മാംസചന്തയിലേക്ക് സ്വാമിജി നടന്നു കയറി, മാംസകച്ചവടത്തിനായിരുന്നില്ല,ഭാരതം എന്ന രത്‌നത്തെ കാണിച്ചു കൊടുക്കാൻ.

എന്റെ എന്റെ എന്റെ മതമാണ് ശ്രേഷ്ഠം, ഇവിടെ വരൂ , ഇതിൽ ചേരൂ എന്ന ആഹ്വാനമായി നിന്നിരുന്ന മത നേതാക്കൾകിടയിൽ, ആ വഴിവാണിഭക്കാരുടെ ശബ്ദങ്ങളെ നിഷ്പ്രഭമാക്കി കൊണ്ട് അന്നവിടെ വിവേകപാഞ്ചജന്യം മുഴങ്ങി ,

” അമേരിക്കയിലെ എന്റെ സഹോദരി സഹോദരന്മാരെ “

നിലക്കാത്ത കൈയ്യടികൾ …

പിന്നീട് നടന്നത് ചരിത്രം , ആ വിവേകവാണിക്ക് മുന്നിൽ ജനങ്ങൾ എല്ലാം മറന്നിരുന്നു.

” എല്ലാ പുഴകളും ഒരേ സാഗരത്തിൽ ചേരുന്ന പോലെ എല്ലാ മതങ്ങളും ഒരേ ഈശ്വരനിൽ ലയിക്കുന്നു , നമ്മൾ എല്ലാം ഒരേ ലക്ഷ്യത്തെ തേടി അനവധി വഴികളിലൂടെ പോവുന്നവരാണ് “

ഹാ എന്ത് ഉത്കൃഷ്ടമായ ആശയം. സ്വാമിജി ഒരൊറ്റ പ്രസംഗം കൊണ്ട് പാശ്ചാത്യരുടെ മനസ്സ് കീഴടക്കി.

“കൊടുങ്കാറ്റായി ആഞ്ഞടിച്ച ഹിന്ദു സന്യാസി”
( Cyclonic Hindu Monk) എന്നാണ് പത്രങ്ങൾ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. പിന്നീട് അമേരിക്കയിലും യൂറോപ്പിലും നിരവധി വേദികൾ , പ്രസംഗങ്ങൾ, മാർഗരറ്റ് നോബൽ, ജെ ജെ ഗുഡ്വിൻ , സാറാ ബുൾ തുടങ്ങി നീണ്ട ശിഷ്യനിര. പാശ്ചാത്യ ദൗത്യം പൂർത്തിയാക്കി നാല് വർഷത്തിനുള്ളിൽ സ്വാമി മടങ്ങി.

ഇനിയുണർത്താൻ പോവുന്നത് ഭാരത മാതാവിന്റെ കുണ്ഡലിനി ശക്തിയാണ്. ഭാരതത്തിന്റെ മൂലാധാര ചക്രമായ രാമേശ്വരത്താണ് തിരികെ വന്ന് അദ്ദേഹം കാൽ കുത്തിയത്. പിന്നീടങ്ങോട്ട്,സ്വാധിഷ്ഠാനാവും,മണിപൂരവും,അനാഹതവും, വിശുദ്ധിയും, അജ്ഞയും താണ്ടി സഹസ്രാരത്തിലേക്കുള്ള വേഗമേറിയ പ്രയാണമായിരുന്നു. കൊളമ്പോ മുതൽ അൽമോറവരെ പ്രകമ്പനം കൊള്ളിച്ച കൊടുങ്കാറ്റ്.

ഒടുവിൽ ഹിമാലയത്തിന്റെ ശിഖിരത്തിൽ, അമർനാഥന്റെ ഗുഹയിൽ ഭസ്മം പൂശി കൗപീനധാരിയായി ഇരുന്ന് ധ്യാനിച്ചു. ആ മഞ്ഞു മലയെ നോക്കി പറഞ്ഞു,

“അവിടുന്ന് പരമേശ്വരൻ, ശിവൻ ,സുന്ദരൻ ,ഞാനോ അവിടുത്തെ ഭക്തൻ “.

ക്ഷീര ഭവാനിയിൽ വെച്ചു കൊണ്ട് ദേവി രൂപം ദർശിക്കുന്നു , ആ യാത്രയിൽ അമേരിക്കയുടെ ദേശീയ ദിനമായ ജൂലൈ നാലിന് ചെറിയ ഒരു ആഘോഷം സംഘടിപ്പിക്കാം എന്ന് ചില പാശ്ചാത്യ ശിഷ്യന്മാർ പറഞ്ഞപ്പോൾ , അന്ന് സ്വാമിജി അവർക്കായി ഒരു ചെറിയ കവിത എഴുതി നൽകി.

” ആരാധനപ്രേമയജ്ഞങ്ങളും പ്രാപ്ത
സൽഫലം സ്വീകൃത്യം
പൂർണ്ണമായ് വന്നനാൾ
അപ്പോൾ ഉദിച്ചു നീ മംഗളൻ
സ്വാതന്ത്ര്യസുപ്രഭ തൂകുവാൻ മർത്ത്യരാശിക്കുമേൽ
പോകുക മുന്നോട്ട് നാഥ!നിൻ നിർബാധമാർഗ്ഗത്തിൽ”

ഇങ്ങനെ ഒരു പത്തു മുപ്പത് വരികൾക്ക് മുകളിൽ കവിതക്ക് ഒരു പേരെഴുതി,
“ജൂലൈ നാലിനോട്”

ഒടുവിൽ നാല് വർഷം കഴിഞ്ഞാണ് ജൂലൈ നാലിനോട് എന്താണ് അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത് എന്ന് ശിഷ്യന്മാർ തിരിച്ചറിഞ്ഞത്. 1902 ജൂലൈ നാലിന് , തന്റെ ദിവ്യമായ ദൗത്യം പൂർത്തിയാക്കി അദ്ദേഹം മടങ്ങി. പൂർണമായും മടങ്ങി എന്ന് പറഞ്ഞാൽ ശരിയല്ല , ഈ ഭാരതത്തിൽ ഒരു നായ പോലും പട്ടിണി കിടക്കുന്ന കാലം എനിക്ക് മോക്ഷത്തെ കുറിച്ചു ചിന്തിക്കാൻ സാധിക്കില്ല എന്ന് പറഞ്ഞ അദ്ദേഹത്തിന് എങ്ങനെ മടങ്ങാൻ സാധിക്കും ? എന്നാലും പടിഞ്ഞാറിനെ വിറപ്പിച്ച ആ കൊടുങ്കാറ്റ് ആ ജൂലൈ നാലിന് ശാന്തമായി.

ശാന്തമാവാൻ പോവുന്ന ആ കൊടുങ്കാറ്റിന്റെ ഹൃദയസ്പന്ദനം ഒരുപക്ഷേ ഭാരതത്തിന് വേണ്ടി നിവേദികപ്പെട്ട ആ മാതൃഹൃദയത്തിന് അറിയാമായിരുന്നിരിക്കണം അത് കൊണ്ടാവും ഭഗിനി നിവേദിത എഴുതിയത്,

“But for him there is no shadow.Deep into the heart of that most terrible, he looks unshrinking,and in the ecstasy of recognition He calls Her Mother. So shall ever be the union of the soul with God.”

Kali the Mother എന്ന ഭഗിനി നിവേദിതയുടെ കൃതിയിൽ പരമേശ്വരനെ വർണ്ണിക്കുന്ന ഭാഗമാണ്, ആ കൃതിയുടെ ആമുഖത്തിൽ അവർ എഴുതി ,

” ഈ ഗ്രന്ഥം വീരന്മാരുടെ ഈശ്വരനായ വീരേശ്വരന് സമർപ്പിക്കുന്നു” എന്ന് .

ഒരു പക്ഷെ ഭുവനേശ്വരി മാതാവിനോട് ഭഗിനി നിവേദിത പറഞ്ഞിരിക്കാം ,

“അമ്മേ, അമ്മയുടെ പ്രാർത്ഥന കേട്ട് കാശിയിലെ വീരേശ്വരൻ ഒരു ഭൂതഗണത്തെ പുത്രനായി അയച്ചതല്ല ,ഭഗവാൻ വീരേശ്വരൻ സ്വയം അവിടുത്തെ പുത്രനായി അവതരിച്ചതായിരുന്നു ” എന്ന്..

ചിത്രത്തിൽ :- ശ്രീ രാമകൃഷ്ണ പരമഹംസദേവന്റെ സമാധിക്ക് ശേഷം ഭൗതിക ശരീരത്തിന് സമീപം നിൽക്കുന്ന നരേന്ദ്രൻ.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles