Monday, April 29, 2024
spot_img

പ്രതിരോധ സേനയ്ക്ക് കൂടുതൽ കരുത്ത്; ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോംബാറ്റ് ഹെലികോപ്റ്ററുകളും ഡ്രോണുകളും ഇന്ന് സൈന്യത്തിന് കൈമാറും

ദില്ലി: പ്രതിരോധ സേനയ്ക്ക് (Defence) കൂടുതൽ കരുത്ത് പകരാനുളള നീക്കങ്ങളുമായി കേന്ദ്ര സർക്കാർ. ഇതോടനുബന്ധിച്ച് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോംബാറ്റ് ഹെലികോപ്റ്ററുകളും ഡ്രോണുകളും പ്രധാനമന്ത്രി ഇന്ന് സൈന്യത്തിന് കൈമാറും. ഉത്തർപ്രദേശിൽ യാഥാർത്ഥ്യമാകുന്ന 400 കോടി രൂപയുടെ പ്രതിരോധ വ്യവസായ ഇടനാഴിയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും. ഉത്തർപ്രദേശ് സർക്കാരുമായി ചേർന്ന് പ്രതിരോധ മന്ത്രാലയം സംഘടിപ്പിക്കുന്ന ത്രിദിന പരിപാടിയായ രാഷ്‌ട്ര രക്ഷാ സമർപ്പൺ പർവിന്റെ സമാപനചടങ്ങിലാകും പ്രധാനമന്ത്രി പങ്കെടുക്കുക.

പൊതുമേഖല പ്രതിരോധ സ്ഥാപനമായ ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡാണ് ഉത്തർപ്രദേശിലെ ഝാൻസിയിൽ ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകൾക്കായി പ്ലാന്റ് നിർമ്മിക്കുന്നത്. 138 ഏക്കറിൽ 400 കോടി ചിലവിലാണ് പ്ലാന്റ് നിർമ്മിക്കുക. ആഗ്ര, അലിഗഢ്, ഝാൻസി, ചിത്രകൂട്, ലക്‌നൗ, കാൺപൂർ എന്നിങ്ങനെ 6 നോഡുകളിലായി വ്യാപിച്ചു കിടക്കുന്ന രീതിയിലാണ് ഉത്തർപ്രദേശിലെ പ്രതിരോധ ഇടനാഴി ആസൂത്രണം ചെയ്തിരിക്കുന്നത്. 1,034 ഹെക്ടർ ഭൂമി ഇതിനായി സംസ്ഥാന സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്. തദ്ദേശീയ വ്യവസായ സംരംഭങ്ങൾക്ക് രാജ്യത്തെ പ്രതിരോധ മേഖലയുമായി സഹകരിച്ച് പ്രവർത്തിക്കാനും അതുവഴി മികച്ച പ്രതിരോധ സാങ്കേതിക വിദ്യകൾ രൂപപ്പെടുത്തുവാനും അവസരമൊരുക്കുന്നതാണ് പ്രതിരോധ ഇടനാഴികൾ.

Related Articles

Latest Articles