Sunday, May 26, 2024
spot_img

ഇന്ത്യൻ ജനാധിപത്യത്തിന് പുതിയ ശ്രീകോവിൽ; ഉദ്ഘാടന ചടങ്ങുകളുടെ രണ്ടാം ഘട്ടം ആരംഭിച്ചു; പ്രധാനമന്ത്രിയും, മന്ത്രിമാരും, വിശിഷ്ഠ വ്യക്തികളും പങ്കെടുക്കുന്നു; പ്രധാനമന്ത്രിയുടെ അഭിസംബോധന 01:10 ന്

ദില്ലി: പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രത്തിനു സമർപ്പിക്കുന്നതിന്റെ രണ്ടാം ഘട്ട ചടങ്ങുകൾക്ക് തുടക്കമായി. പ്രധാനമന്ത്രിയും മറ്റ് വിശിഷ്ഠ വ്യക്തികളും പാർലമെന്റ് ഹാളിലെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്‌സഭാ സ്‌പീക്കർ ഓം ബിർള, രാജ്യസഭാ ഉപാദ്ധ്യക്ഷൻ, കേന്ദ്ര മന്ത്രിമാർ, സംസ്ഥാന മുഖ്യമന്ത്രിമാർ, സുപ്രീംകോടതി ജഡ്ജിമാർ, മുൻ പ്രധാനമന്ത്രി ദേവ ഗൗഡ, മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്. ഉച്ചക്ക് 01:05 ന് 75 രൂപയുടെ സ്മരണിക നാണയം പ്രധാനമന്ത്രി പുറത്തിറക്കും. അതിനു ശേഷം 01:10 നായിരിക്കും പ്രധാനമന്ത്രിയുടെ അഭിസംബോധന.

നേരത്തെ രാവിലെ ഏഴുമണിക്ക് തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധി പ്രതിമക്കരികിൽ പ്രാർത്ഥന നടത്തിയതിനു ശേഷം പുതിയ മന്ദിരത്തിലെത്തിയിരുന്നു. ചരിത്രപ്രസിദ്ധമായ തിരുവാടുതുറൈ അധീനത്തിലെ ഇപ്പോഴത്തെ സന്യാസിവര്യന്മാർ ഭാരത സ്വാതന്ത്ര്യദിനത്തിൽ മൗണ്ട് ബാറ്റൺ നെഹ്രുവിനു കൈമാറിയ ചെങ്കോൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൈമാറുകയും അദ്ദേഹമത് ലോക്‌സഭാ സ്‌പീക്കറുടെ സാന്നിധ്യത്തിൽ ലോക്‌സഭാ ഹാളിൽ സ്ഥാപിക്കുകയും ചെയ്തു. തുടർന്ന് സ്പീക്കർ ഓം ബിർളയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചേർന്ന് നിലവിളക്ക് കൊളുത്തി. പ്രത്യേക പൂജകളും ഹോമങ്ങളോടും കൂടിയാണ് ഇന്ന് ചടങ്ങുകൾക്ക് തുടക്കമായത്. ചെങ്കോൽ സ്ഥാപിക്കുന്നതിന് തൊട്ടു മുമ്പ് പ്രധാനമന്ത്രി സന്യാസിമാരുടെ അനുഗ്രഹം വാങ്ങിയിരുന്നു. തമിഴ് മന്ത്രോച്ചാരണങ്ങളോടെയും നാദസ്വരത്തിന്റെ പശ്ചാത്തലത്തിലുമായിരുന്നു ചടങ്ങുകൾ നടന്നത്. തുടർന്ന് സർവ്വമത പ്രാർത്ഥന അരങ്ങേറി. വിവിധ മതങ്ങളിലെ പുരോഹിതന്മാർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ഏതാണ്ട് 40000 ത്തിലധികം തൊഴിലാളികൾ പാർലമെന്റ് നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു. അവരിൽ ചിലരെ ഇന്ന് രാവിലത്തെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. അവരെ പ്രധാനമന്ത്രി നരേന്ദ്രമോദി ആദരിച്ചു. തിരുവാടുതുറൈ, ധർമ്മപുരം, മധുരൈ അധീനങ്ങളിലെ സന്യാസിമാരാണ് ചെങ്കോൽ സ്ഥാപിക്കൽ ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. തുടർന്ന് പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രത്തിനു സമർപ്പിക്കുന്ന ചടങ്ങിന്റെ ആദ്യഘട്ടം പൂർത്തിയാക്കി പ്രധാനമന്ത്രി മടങ്ങിയിരുന്നു. ഇന്ത്യൻ ജനാധിപത്യത്തിൽ പുതിയ നല്ല കാഴ്ചകൾക്കാണ് ഇന്ന് രാവിലെ ഇന്ദ്രപ്രസ്ഥം സാക്ഷ്യംവഹിച്ചത്.

Related Articles

Latest Articles