Sunday, May 19, 2024
spot_img

ഉദ്ദേശലക്ഷ്യം നല്ലതെങ്കിലും ഒരു വിഭാഗം കർഷകരെ ബോധ്യപ്പെടുത്താൻ സാധിച്ചില്ല; നിയമങ്ങൾ പിൻവലിക്കുന്നു, നിർണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി

ദില്ലി: കാർഷിക നിയമങ്ങൾ പിൻവലിച്ചു. കേന്ദ്രസർക്കാരിന്റെ മൂന്ന് നിയമങ്ങളും പിൻവലിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. കർഷകരുടെ ക്ഷേമം മുന്നിൽക്കണ്ടാണ് നിയമങ്ങൾ പ്രഖ്യാപിച്ചത്. എന്നാൽ ചില കർഷകർക്ക് നിയമത്തിന്റെ ഗുണങ്ങൾ മനസിലാക്കാനായില്ല. അതിനാൽ വേദനയോടെ നിയമം പിൻവലിക്കുന്നുവെന്ന് പ്രധാനമന്ത്രി അറിയിച്ചു.

ഗുരുനാനാക്ക് ദിനത്തിലാണ് നിർണായക പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്. കർഷകരുടെ പ്രതിസന്ധി തനിക്ക് മനസിലാക്കാനായെന്നും കർഷകരുടെ അഭിവൃദ്ധിക്കാണ് പ്രധാന്യം നൽകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. താങ്ങുവിലയടക്കം പരിശോധിക്കാൻ പ്രത്യേക സമിതി നിലവിൽ വരും. കേന്ദ്ര സർക്കാരിന്റെയും കർഷക സംഘടനകളുടെയും പ്രതിനിധികൾക്ക് സമതിയിൽ പ്രാതിനിധ്യമുണ്ടാകും. സമരം അവസാനിപ്പിക്കണമെന്നും കർഷകരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

മൂന്ന് കാർഷിക നിയമങ്ങൾ കൊണ്ടുവന്നത് കാർഷിക മേഖലയെ കൂടുതൽ പരിഷ്‌കരിക്കുന്നതിനാണ്. മൈക്രോ ഇറിഗേഷൻ ഫണ്ടിലേക്കുള്ള വിഹിതം ഇപ്പോൾ 10,000 കോടി രൂപയാണ്. മത്സ്യബന്ധനത്തിലും മൃഗസംരക്ഷണത്തിലും ഏർപ്പെട്ടിരിക്കുന്നവരെ ആനുകൂല്യ പദ്ധതികൾക്ക് കീഴിൽ കൊണ്ടുവന്നിരുന്നു. എന്നാൽ നിയമങ്ങളുടെ ഗുണം ഒരു വിഭാഗം ആളുകൾ മനസിലാക്കാൻ ശ്രമിച്ചില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഉത്പാദനം മെച്ചപ്പെടുത്താൻ കൂടുതൽ മാർഗങ്ങൾ സ്വീകരിക്കാനോ വിളകൾക്ക് മികച്ച വില ലഭിക്കാനായി വിലപേശാനോ ശേഷിയില്ലാത്ത 86 ശതമാനത്തോളം വരുന്ന ചെറുകിട കർഷകരെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു ബിൽ. എന്നാൽ ഒരുവിഭാഗം ആളുകൾ നിയമത്തെ അട്ടിമറിക്കാൻ ശ്രമിച്ചു. സമരങ്ങൾ സംഘടിപ്പിച്ചു. നിയമം പിൻവലിക്കണമെന്നല്ലാതെ ഒരു ആവശ്യവും സമരക്കാർ മുന്നോട്ട് വെച്ചില്ല. നിയമത്തിന്റെ പോരായ്മകൾ ചൂണ്ടിക്കാട്ടിയാൽ തിരുത്താൻ തയ്യാറാണെന്ന് കേന്ദ്രം പറയുമ്പോഴും നിയമം പിൻവലിക്കുകയല്ലാതെ മറ്റൊന്നും തങ്ങൾക്ക് ആവശ്യമില്ലെന്ന നിലപാടാണ് കർഷക സംഘടനകളെടുത്തത്.

Related Articles

Latest Articles