Sunday, September 20, 2026

പി എം പോഷൺ; കേരള സർക്കാരിന് 132.9 കോടി രൂപ കൈമാറിയെന്ന് കേന്ദ്രം; വീഴ്ച്ച സംഭവിച്ചത് സംസ്ഥാനത്തിന്!

ദില്ലി: സംസ്ഥാനത്തിന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ വീഴ്ച സംഭവിച്ചെന്ന് കേന്ദ്രം. സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ഉച്ചഭക്ഷണ പദ്ധതിയായ പി എം പോഷന്റെ ആവശ്യങ്ങൾക്കായി കേരള സർക്കാരിന് 132.9 കോടി രൂപ കൈമാറിയിരുന്നു. സംസ്ഥാനം ട്രഷറിയിൽ നിന്ന് ഈ തുകയും സംസ്ഥാന വിഹിതമായ 76.78 കോടി രൂപയും പദ്ധതി നടപ്പിലാക്കുന്ന അക്കൗണ്ടിലേക്ക് കൈമാറിയിട്ടില്ല.

കേരളം ഈ തുക പദ്ധതി നടപ്പാക്കുന്ന അക്കൗണ്ടിലേക്ക് മാറ്റാത്തതിനാൽ കൂടുതൽ തുക നൽകാനാകില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. ഇക്കാര്യം ഓഗസ്റ്റ് 8ന് ഇ-മെയിൽ മുഖേനെയും നേരിട്ടുള്ള ഒരു യോഗത്തിൽ അറിയിച്ചതും ചർച്ച ചെയ്തതുമാണെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എക്സിലൂടെ അറിയിച്ചു.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയെ ടാഗ് ചെയ്താണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് വിതരണത്തിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ചയാണെന്നാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞ ദിവസം പറഞ്ഞത്.

Related Articles

Latest Articles