വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയില്‍ പോക്സോ കേസില്‍ പ്രതിയായ എല്‍ഡിഎഫ് കൗണ്‍സിലര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കും. പ്രതി ഷംസുദ്ദീന്‍ നടക്കാവില്‍ മലേഷ്യയിലേക്കോ തായ്ലന്‍ഡിലേക്കോ കടന്നതായി സംശയിക്കുന്നെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ, ഷംസുദ്ദീന്‍ നടക്കാവിലിനോട് കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കണമെന്ന് സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
വിവാഹ വാഗ്ദാനം നല്‍കി 16 വയസുകാരിയെ ഷംസുദ്ദീന്‍ ബലാത്സംഗം ചെയ്തെന്നാണ് കേസ്. 2016 ജൂലൈയിലായിരുന്നു സംഭവം. നഗരസഭയിലെ 32-ാം ഡിവിഷന്‍ മെമ്പറാണ് ഷംസുദ്ദീന്‍. പരാതി നല്‍കുമെന്ന് മാതാപിതാക്കള്‍ അറിയിച്ചതോടെയാണ് പ്രതി വിദേശത്തേക്ക് കടന്നത്.
കൗണ്‍സിലറുടെ ഉടമസ്ഥതയിലുള്ള വാടക വാടക ക്വാര്‍ട്ടേഴ്‌സില്‍ കുടുംബക്കാരുമായി താമസിച്ചിരുന്ന പെണ്‍കുട്ടിയുമായി ഷംസുദ്ദീന്‍ പ്രണയത്തിലായിയെന്ന് പൊലീസ് പറയുന്നു. വിവാഹം കഴിക്കാമെന്നുപറഞ്ഞ് പലതവണ ക്വാര്‍ട്ടേഴ്‌സിലും മറ്റു പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചു.
വിവാഹ വാഗ്ദാനത്തില്‍നിന്ന് കൗണ്‍സിലര്‍ പിന്മാറിയതോടെ പെണ്‍കുട്ടി ചൈല്‍ഡ്‌ലൈനില്‍ പരാതി നല്‍കി. ചൈല്‍ഡ് ലൈനും പോലീസും പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും വൈദ്യപരിശോധന നടത്തുകയും ചെയ്തു. മലപ്പുറം ചൈല്‍ഡ് ലൈന്‍ അധികൃതരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് 376-ാം വകുപ്പ് പ്രകാരവും പോക്‌സോ നിയമമനുസരിച്ചും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

